ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ്. ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ പുറത്താക്കുക എന്ന ഇസ്രായേല്‍ പദ്ധതി ഇതിനകം വ്യക്തമായതായും, അവിടെ ഇസ്രായേല്‍ തുടര്‍ച്ചയായി യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവരികയാണെന്നും ഹാരിസ് പറഞ്ഞു.
ഇതില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടില്ലെന്നും, പലസ്തീനിന്റെ മണ്ണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ ബില്‍ പാസാക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Newstalk radio-യില്‍ സംസാരിക്കവെയാണ് ഹാരിസ് നിലപാട് വ്യക്തമാക്കിയത്.
പലസ്തീനിലുള്ളവര്‍ക്ക് അടിസ്ഥാനമായ സഹായങ്ങള്‍ പോലും എത്തിച്ച് നല്‍കുന്നതില്‍ സങ്കീര്‍ണ്ണത സൃഷ്ടിക്കുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ ചെയ്തികള്‍ നികൃഷ്ടമാണെന്നും ഹാരിസ് വിമര്‍ശിച്ചു. സഹായം തടയുന്നത് തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ കൈവരിക്കാനാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞതില്‍ നിന്നും, അവരുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും, പലസ്തീനികളെ ഗാസ മുനമ്പില്‍ നിന്നും പുറത്താക്കി മറ്റെവിടേക്കെങ്കിലും എത്തിക്കുകയാണ് ഇസ്രായേല്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് രാജ്യങ്ങള്‍ രൂപീകരിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നത് നിലവില്‍ സാധ്യമല്ലെന്ന തരത്തിലായി മാറിയിരിക്കുന്നുവെന്നും ഹാരിസ് പറഞ്ഞു. പുനഃപരിശോധന നടക്കുന്നതിനാല്‍ EU-Israel Association Agreement നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ ഇയു പ്രതിനിധി സംഘത്തിന് സമീപം വെടിവെപ്പ് ഉണ്ടായതിനെയും ഹാരിസ് അപലപിച്ചു. രണ്ട് ഐറിഷ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. മുന്നറിയിപ്പിന്റെ ഭാഗമായാണ് വെടിവച്ചത് എന്നായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ പ്രതികരണം.