യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ചുമത്തുമെന്ന് ട്രമ്പ്; ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിച്ചാൽ 25% നികുതി ഈടാക്കുമെന്ന് ആപ്പിളിനും ഭീഷണി

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ വീണ്ടും കനത്ത താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ്. ജൂൺ 1 മുതൽ ഇയുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്തിയേക്കും എന്നാണ് ട്രമ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. അയർലണ്ടിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഫർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളെ അടക്കം ഇത് ബാധിക്കും.

 

ഇതിന് പുറമെ യുഎസിൽ നിർമ്മിച്ചതല്ലാതെ അവിടെ വിൽക്കുന്ന ഐ ഫോണുകൾക്ക് 25% നികുതി ഈടാക്കും എന്നും ട്രമ്പ് ആപ്പിളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആപ്പിൾ ഇന്ത്യയിൽ നിർമ്മാണം വർദ്ധിപ്പിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് ഇങ്ങനെ ഒരു ഭീഷണി. യുഎസിൽ വിൽക്കുന്ന ഐ ഫോണുകൾ യുഎസിൽ തന്നെ നിർമ്മിക്കണം എന്ന് താൻ നേരത്തെ തന്നെ ആപ്പിളിനോട് പറഞ്ഞതാണ് എന്നാണ് ട്രമ്പിന്റെ പക്ഷം.

 

പ്രഖ്യാപനങ്ങളെ തുടർന്ന് യൂറോപ്യൻ ഓഹരി വിപണിക്ക് തിരിച്ചടി നേരിട്ടിട്ടുണ്ട്. ആപ്പിളിന്റെ പ്രീ ട്രേഡ് ഓഹരിയും 3.5% ഇടിഞ്ഞു.

 

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏപ്രിൽ മുതൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയ തീരുമാനം ആഴ്ച്ചകൾക്ക് മുമ്പ് ട്രമ്പ് മരവിപ്പിച്ചിരുന്നെങ്കിലും, കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം യുഎസ് വ്യാപാര യുദ്ധം വീണ്ടും ആരംഭിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്.

 

അതേസമയം ആപ്പിൾ കമ്പനിക്ക് മേൽ മാത്രമായി ഇത്തരത്തിൽ പ്രത്യേക നികുതി ചുമത്താൻ ട്രമ്പിന് അധികാരം ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Share this news

Leave a Reply