യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്‌ണതരംഗം; ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ബെൽജിയം അടക്കം ചുട്ടുപൊള്ളുന്നു

ഫ്രാന്‍സ് അടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഈ വേനല്‍ക്കാലത്തെ ആദ്യത്തെ വലിയ ഉഷ്ണതരംഗമാണിതെന്ന് ചൊവ്വാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ അമിത ചൂട് അനുഭവപ്പെടുന്നതിനെയാണ് ഉഷ്ണതരംഗം (heatwave) എന്ന് പറയുന്നത്.

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു. പാരിസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെയെല്ലാം ഉഷ്ണതരംഗം കാര്യമായി ബാധിക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍ പറയുന്നു. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ ടിക്കറ്റ് എടുത്തിട്ടില്ലാത്തവര്‍ യാത്ര നീട്ടിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

ബെല്‍ജിയം, നെതര്‍ലണ്ട്‌സ് എന്നീ രാജ്യങ്ങളിലും പതിവിലുമധികം ചൂട് ഉയരും. അതേസമയം പോര്‍ച്ചുഗലില്‍ താപനില കുറയുകയാണ്. ഇവിടെ ഉഷ്ണതരംഗ മുന്നറിയിപ്പില്ല.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു ഈ കഴിഞ്ഞത്. ഇറ്റലിയിലെ 27 പ്രധാന നഗരങ്ങളില്‍ 17 ഇടത്തും ഉഷ്ണതരംഗം ബാധിച്ചിട്ടുണ്ട്.

താപനില ഉയരുന്നതോടെ യൂറോപ്പിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുതീ പടരാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യൂറോപ്പില്‍ ഭാവിയിലെ വേനല്‍ക്കാലങ്ങള്‍ വളരെ ചൂടേറിയതായി മാറുമെന്നും, 2100-ഓടെ ഫ്രാന്‍സിലെ താപനില 4 ഡിഗ്രി കൂടി ഉയരുമെന്നും ഗവേഷകര്‍ പറയുന്നു. ചില സമയങ്ങളില്‍ ചൂട് 50 ഡിഗ്രി വരെ എത്തും. 2100-ഓടെ ഉഷ്ണതരംഗങ്ങള്‍ പത്തിരട്ടിയാകാനും സാധ്യതയുണ്ട്.

പോര്‍ച്ചുഗലില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേനലില്‍ ഇത് സാധാരണമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ 43 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.

Share this news

Leave a Reply