പുകവലി മാത്രമല്ല, മദ്യപാനവും 7 തരം ക്യാൻസറുകൾക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ?

അയര്‍ലണ്ടിലെ ബഹുഭൂരിപക്ഷം പേര്‍ക്കും മദ്യം ക്യാന്‍സറിന് കാരണമാകുമെന്ന് അറിയില്ലെന്ന് HSE. ഓരോ വര്‍ഷവും രാജ്യത്ത് ഏകദേശം 1,000 പേരാണ് മദ്യത്തിന്റെ ഉപഭോഗം കാരണം ക്യാന്‍സര്‍ ബാധിതരാകുന്നത്.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 40% ക്യാന്‍സറുകളും ജീവിതശൈലി മാറ്റം വഴി പ്രതിരോധിക്കാന്‍ നമുക്ക് കഴിയും. ഇതിലൊന്ന് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ചെറിയ അളവിലുള്ള മദ്യപാനം പോലും ക്യാന്‍സറിന് കാരണമാകുമെന്ന സത്യം പലര്‍ക്കുമറിയില്ല.

മദ്യവും ക്യാൻസറും

ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കളില്‍ ഗ്രൂപ്പ് 1-ലാണ് മദ്യവും പെടുന്നത്. പുകയില, ആസ്ബറ്റോസ്, റേഡിയേഷന്‍ മുതലായവയും ഇതേ ഗ്രൂപ്പില്‍ പെടുന്നു. കുറഞ്ഞത് ഏഴ് തരം ക്യാന്‍സറുകള്‍ക്ക് മദ്യം കാരണമാകുന്നുണ്ട്- വായ, തൊണ്ട (pharynx), വോയ്‌സ് ബോക്‌സ് (larynx), ഈസോഫാഗസ്, സ്തനാര്‍ബ്ബുദം, കുടല്‍ (bowel), കരള്‍ ക്യാന്‍സര്‍ എന്നിവയാണവ.

അതേസമയം അയര്‍ലണ്ടിലെ 38% പേര്‍ക്ക് മാത്രമേ മദ്യം ക്യാന്‍സറിന് കാരണമാകുമെന്ന് അറിയുകയുള്ളൂ എന്ന് HSE പറയുന്നു. മറുവശത്ത് 76% പേര്‍ക്കും പുകവലി ക്യാന്‍സറിന് കാരണമാകുമെന്ന് അറിയുകയും ചെയ്യാം.

2024 ഡിസംബറിലെ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ 73% പേരും മദ്യം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും മദ്യവും ക്യാന്‍സറും തമ്മിലുള്ള ബന്ധമറിയില്ല.

ചെറിയ അളവിലുള്ള മദ്യ ഉപഭോഗം പോലും ക്യാന്‍സറിന് കാരണമാകാം. അതിനെ കുറിച്ച് കൂടുതലറിയാനും, പ്രരോധമാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളാനും സന്ദര്‍ശിക്കുക: https://www2.hse.ie/living-well/alcohol/

Share this news

Leave a Reply