അയര്‍ലണ്ടില്‍ സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനമോടിച്ചതിന് കഴിഞ്ഞ വര്‍ഷം പിടിക്കപ്പെട്ടത് 5,848 പേരെന്ന് ഗാര്‍ഡ. ഗോള്‍വേയില്‍ സീറ്റ് ബെല്‍റ്റ് നിയമലംഘനത്തിന് പിടിയിലാകുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 95 ശതമാനവും, കെറിയില്‍ 72 ശതമാനവും വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, വേനല്‍ക്കാലത്താണ് ഏറ്റവുമധികം പേര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിടിക്കപ്പെട്ടതെന്നും പറയുന്നു.
അയര്‍ലണ്ടില്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, മുന്‍സീറ്റിലെ യാത്രക്കാര്‍ എന്നിവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി നിയമം പാസാക്കിയത് 1979 ഫെബ്രുവരി 1-നാണ്. 45 വര്‍ഷത്തിന് ശേഷവും 6,000-ഓളം പേര്‍ ഇതേ നിയമലംഘനത്തിന് പിടിക്കപ്പെട്ടുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി സബ്സ്റ്റിറ്റിയൂട്ട് അംഗവും, അയര്‍ലണ്ട് സൗത്ത് MEP-യുമായ Cynthia Ni Mhurchu പറഞ്ഞു. എന്തുകൊണ്ടാണ് ആളുകള്‍ ഇപ്പോഴും സീറ്റ് ബെല്‍റ്റിടാന്‍ മടി കാണിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാലും, സീറ്റ് ബെല്‍റ്റിടാതിരുന്നാലും ഓട്ടോമാറ്റിക്കായി കണ്ടുപിടിക്കാന്‍ സാധിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അയർലണ്ടിൽ ഡ്രൈവറെ കൂടാതെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ഇടുക നിർബന്ധമാണ്. ഒപ്പം 17 വയസിന് താഴെയുള്ള യാത്രക്കാര്‍ സീറ്റ് ബെൽറ്റിട്ടിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അഞ്ചില്‍ നാല് കുട്ടികളും സീറ്റ് ബെല്‍റ്റ് ഇടാതെയാണ് കാറില്‍ യാത്ര ചെയ്യുന്നതെന്നാണ് റോഡ് സുരക്ഷാ വകുപ്പിന്റെ കണക്ക്.