അയര്‍ലണ്ടില്‍ ബസിന് നേരെ വീണ്ടും കൗമാരക്കാരുടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനം. വെള്ളിയാഴ്ച ഡ്രോഗഡയില്‍ സര്‍വീസ് നടത്തുകയായിരുന്ന ഒരു ബസിന്റെ ജനല്‍ച്ചില്ലുകള്‍ ഒരുകൂട്ടം കൗമാരക്കാര്‍ തല്ലിപ്പൊട്ടിച്ചു.
ഏതാനും ആഴ്ചകള്‍ക്കിടെ സമാനമായ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞയാഴ്ച പ്രദേശത്തെ ഒരു ഡിപ്പോയില്‍ വച്ച് ബസ് ജീവനക്കാരനെ ഒരു സംഘം കൗമാരക്കാര്‍ ആക്രമിച്ചതായി തൊഴിലാളി സംഘടനയായ Siptu, Bus Éireann-ന് പരാതി നല്‍കിയിരിരുന്നു. സംഭവത്തില്‍ ഗാര്‍ഡയ്ക്ക് നല്‍കിയ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഡ്രോഗഡ ടൗണില്‍ വെള്ളിയാഴ്ച വൈകിട്ട് ബസ് ആക്രമിച്ച ഒരു കൂട്ടം കൗമാരക്കാരും ചെറുപ്പക്കാരും ജനല്‍ച്ചില്ലുകള്‍ തല്ലിപ്പൊട്ടിക്കുകയും, ബസിന് ചവിട്ടുകയും, ഇടിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പല ബസുകളും വൈകിട്ട് മൂന്ന് മണിക്കൂര്‍ നേരം പ്രദേശത്ത് സര്‍വീസ് നിര്‍ത്തിവച്ചു.
ഇത്തരം സംഭവങ്ങള്‍ തുടരുന്നതില്‍ ആശങ്കയറിയിച്ച തൊഴിലാളി യൂണിയന്‍, ഇതിന് തടയിടാന്‍ എന്ത് ചെയ്യാനാകുമെന്ന് ബന്ധപ്പെട്ടവരുമായി നിരന്തരമായി ചര്‍ച്ച നടത്തിവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ക്ക് മാത്രമായി പ്രത്യേക പൊലീസിങ് സംവിധാനം കഴിയുന്നത്രവേഗം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂണിയന്‍ ആവര്‍ത്തിച്ചു.