അയര്‍ലണ്ടില്‍ സാധനങ്ങളുടെ വിലക്കയറ്റം സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. രാജ്യത്ത് പാലിന് പെട്രോളിനെക്കാള്‍ വിലയാണ് എന്നായിരുന്നു ഈയാഴ്ച പാര്‍ലമെന്റ് സംവാദത്തിനിടെ Sinn Fein നേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് വിമര്‍ശിച്ചത്. നിലവില്‍ രാജ്യമനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞിരുന്നു.
അടുത്ത ബജറ്റില്‍ ജനങ്ങളെ സഹായിക്കാനായി ഒറ്റത്തവണ സഹായധനം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സഹായം നല്‍കുക എന്നതിലുപരി സഹായം ഏറ്റവും അത്യാവശ്യമായവര്‍ക്ക് നല്‍കുന്നതിനാണ് മുന്‍ഗണന എന്നാണ് സര്‍ക്കാര്‍ നിലപാട്.
പാലിനും പെട്രോളിനും വിലയെത്ര?
പ്രതിപക്ഷനേതാവായ മേരി ലൂ മക്‌ഡൊണാള്‍ഡ് പറഞ്ഞതുപോലെ അയര്‍ലണ്ടില്‍ പലയിടത്തും ഒരു ലിറ്റര്‍ പാലിന് ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ വിലയുണ്ട്. എന്നാല്‍ എവിടെനിന്നും വാങ്ങുന്നു, ഏത് ബ്രാന്‍ഡ് വാങ്ങുന്നു മുതലായവയെ ആശ്രയിച്ചാണ് ഇത്.
രാജ്യത്ത് ജൂണ്‍ മാസത്തിലെ പെട്രോള്‍ വില ഒരു ലിറ്ററിന് ശരാശരി 1.77 യൂറോ ആയിരുന്നു. പ്രദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. മെയ് മാസത്തില്‍ ഇത് 1.76 ആയിരുന്നു.
അതേസമയം പാലിന് പല സ്ഥലങ്ങളിലും പല വിലയാണ്. Lidl സൂപ്പര്‍മാര്‍ക്കറ്റിലെ Coolree പാലിന് ലിറ്ററിന് 1.50 യൂറോ ആണ് വിലയെങ്കില്‍ Aldi-യിലെ Clonbawn പാലിന് 1.25 യൂറോ ആണ്. അതേസമയം Donnybrook Fair-ലെ Avonmore പാലിന് ലിറ്ററിന് 1.79 യൂറോ ആണ് വില. Londis-ലെ Premier Dairies, Avonmore എന്നീ പാലുകള്‍ക്ക് ലിറ്ററിന് നല്‍കേണ്ടത് 2.25 യൂറോ ആണ്. ചില പ്രദേശിക കടകളില്‍ ലിറ്ററിന് 2 യൂറോയ്ക്ക് പാല്‍ വില്‍ക്കുന്നുണ്ടെന്നും The Journal നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതായത് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ വിമര്‍ശനം ഭാഗികമായി ശരിയാണ്. പല പ്രദേശങ്ങളിലും പെട്രോളിനെക്കാള്‍ വില പാലിനുണ്ട്. ചിലയിടങ്ങളിലും അതിലും കുറഞ്ഞ വിലയ്ക്കും പാല്‍ ലഭിക്കും. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു ലിറ്റര്‍ പാലിന് ശരാശരി വില 1.50 യൂറോ ആണ്. പെട്രോളിന്റെ ശരാശരി വില 1.77-ഉം.
എന്നിരുന്നാലും രാജ്യത്ത് പാലിന്റെ വില കുതിച്ചുയരുകയാണെന്നാണ് Central Statistics Office (CSO) റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് ലിറ്റര്‍ പാലിന് 12 മാസത്തിനിടെ 12% വില വര്‍ദ്ധനയുണ്ടായിട്ടുണ്ട് എന്നാണ് CSO പറയുന്നത്. അതായത് ഏകദേശം 27 സെന്റ്.