ലോക്കൽ പ്രോപ്പർട്ടി ടാക്സ് വർദ്ധിപ്പിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ

ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് (Local Property Tax) 15% വര്‍ദ്ധിപ്പിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. വെള്ളിയാഴ്ച വൈകിട്ട് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഭൂരിപക്ഷത്തോടെ പാസാകുകയായിരുന്നു. പുതുക്കിയ പ്രോപ്പര്‍ട്ടി ടാക്‌സ് അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും. ഡബ്ലിനിലെ നാലില്‍ മൂന്ന് ലോക്കല്‍ അതോറിറ്റികള്‍ക്കും പുതിയ ടാക്‌സ് ബാധകമാകും.

ഇതുവഴി കൗണ്‍സിലിന് 16.5 മില്യണ്‍ യൂറോയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ മൂന്നില്‍ ഒന്നും ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നും കൗണ്‍സില്‍ പറയുന്നു.

ടാക്‌സിന്റെ ബേസ് റേറ്റില്‍ നിന്നും 15% വര്‍ദ്ധിപ്പിക്കാനോ, 15% കുറയ്ക്കാനോ കൗണ്‍സിലര്‍മാര്‍ക്ക് തീരുമാനിക്കാമെന്നാണ് വ്യവസ്ഥ. ടാക്സ് വർദ്ധിപ്പിക്കാനുള്ള ബിൽ പാസായതോടെ 18.50 യൂറോ മുതല്‍ 797.15 യൂറോ വരെ അടുത്ത വര്‍ഷം മുതല്‍ ഈ ടാക്‌സ് ഇനത്തില്‍ വീട്ടുടമകള്‍ അധികമായി നല്‍കേണ്ടിവരും.

അതേസമയം നിലവിലെ ടാക്‌സ് വര്‍ദ്ധന അനാവശ്യമാണെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. കൗണ്‍സിലിന് അധികവരുമാനം ലഭിക്കാനായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍, ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ എന്നിവരുടെ ഉടമകളില്‍ നിന്നും ടാക്‌സ് വാങ്ങുകയാണ് ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു.

ഈ വര്‍ഷം നവംബര്‍ 1 മുതല്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കണക്കാക്കാനായി കെട്ടിടങ്ങള്‍ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply