ചില സ്വപ്നങ്ങൾക്ക് മഞ്ഞിന്റെ തണുപ്പും, ഫ്യോർഡുകളുടെ ആഴവും, മലനിരകളുടെ ഉയരവുമുണ്ടാകും. വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന അങ്ങനെയൊരു സ്വപ്നത്തിലേക്കായിരുന്നു ഡബ്ലിനിൽ നിന്നും ഞങ്ങൾ വിമാനം കയറിയത്. യൂറോപ്പിന്റെ വടക്കേ അറ്റത്ത്, പ്രകൃതി അതിന്റെ ഏറ്റവും മനോഹരമായ കവിത രചിച്ച നാടായ നോർവേയിലേക്ക്. വൈക്കിംഗുകളുടെ വീരകഥകൾ അലയടിക്കുന്ന, പാതിരാസൂര്യൻ ആകാശത്ത് വർണ്ണങ്ങൾ നിറയ്ക്കുന്ന, ഓരോ വളവിലും ഒരു പുതിയ അത്ഭുതം ഒളിപ്പിച്ചുവെച്ച നോർവേ.
നോർവേയിൽ വേനൽക്കാലത്ത് സൂര്യൻ ഉറങ്ങാറില്ലെന്ന് കേട്ടിട്ടുണ്ട്. ഓസ്ലോയിൽ വിമാനമിറങ്ങിയത് പാതിരാത്രിയിലായിരുന്നെങ്കിലും, ആകാശത്തിന്റെ കോണിൽ ഒരു നേർത്ത പ്രകാശമുണ്ടായിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത കാറുമെടുത്ത് ഹോട്ടലിലേക്ക് പോകുമ്പോൾ, തെരുവുകൾ വിജനമായിരുന്നു. വെളിച്ചമുണ്ടായിട്ടും ഉറങ്ങുന്ന ഒരു നഗരം—അതായിരുന്നു ഞങ്ങളുടെ നോർവീജിയൻ അനുഭവങ്ങളുടെ തുടക്കം.
പിറ്റേന്ന് രാവിലെ ഓസ്ലോയുടെ കണ്ണുചിമ്മുന്ന ട്രാഫിക് ലൈറ്റുകളോട് ഞങ്ങൾ വിടചൊല്ലി. ലക്ഷ്യം ഫ്യോർഡുകളുടെ റാണിയായ ഓഡയായിരുന്നു.ഹോണിഫോസ് പോലുള്ള ചെറുപട്ടണങ്ങൾ പിന്നിട്ട് ഞങ്ങളുടെ കാർ മുന്നോട്ട് കുതിക്കുമ്പോൾ, കോൺക്രീറ്റ് കെട്ടിടങ്ങൾ പതിയെ ഓർമ്മയായി. പകരം, പച്ചപ്പണിഞ്ഞ മലനിരകളും, വെള്ളി അരഞ്ഞാണം പോലെ ഒഴുകുന്ന അരുവികളും വഴികാട്ടികളായി. നോർവീജിയൻ യാത്രകളുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞുതുടങ്ങിയത് മലകളെ തുരന്നുണ്ടാക്കിയ ഭീമൻ തുരങ്കങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. കിലോമീറ്ററുകളോളം നീളുന്ന ആ ഇരുണ്ട തുരങ്കങ്ങളിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ, അതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ, പുതിയൊരു ലോകത്തേക്കാണ് കണ്ണുതുറന്നത്. വഴിയരികിൽ, വർണ്ണങ്ങൾ ചാലിച്ച പെട്ടികൾ പോലുള്ള മരവീടുകൾ, ആഴമളക്കാനാവാത്ത നീല തടാകങ്ങൾ, അവയുടെ തീരങ്ങളിൽ നിഴൽവീഴ്ത്തി നിൽക്കുന്ന മലനിരകൾ… ആളുകൾ ഇതിനെ “ഹാർഡഞ്ചർ റൂട്ട്”എന്ന് വിളിക്കുന്നു. ഓരോ നിമിഷവും പുതിയൊരു വർണ്ണം, പുതിയൊരു ചിത്രം!
മണിക്കൂറുകൾ നീണ്ട ഡ്രൈവിംഗിന്റെ ക്ഷീണം കണ്ണുകളെയടയ്ക്കാൻ തുടങ്ങിയപ്പോഴാണ്, പ്രകൃതി അതിന്റെ ആദ്യത്തെ മാന്ത്രികവിദ്യ ഞങ്ങൾക്കായി പുറത്തെടുത്തത്. കാഴ്ചയെത്തും മുൻപേ അതിന്റെ ശബ്ദം ഞങ്ങളുടെ കാതുകളിലെത്തി—വോറിംഗ്ഫോസൻ്റെ അടങ്ങാത്ത ഇരമ്പൽ. വ്യൂ പോയിൻ്റിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ, ഭൂമി പിളർന്നുണ്ടായ ഒരു ഭീമാകാരമായ ഗർത്തത്തിലേക്ക് ആ ജലപാതം അലറിവിളിച്ചുപോകുന്നത് കണ്ട് ഒരു നിമിഷം ഞങ്ങൾ നിശബ്ദരായി. ആഴങ്ങളിൽ നിന്ന് കോടമഞ്ഞുപോലെ വെള്ളത്തുള്ളികൾ മുകളിലേക്ക്…
ആ ഭീമാകാരമായ ദൃശ്യത്തിൽ നിന്ന് കണ്ണെടുക്കാതെ ഞങ്ങൾ യാത്ര തുടർന്നു. പിന്നീട് കണ്ടത്, മനുഷ്യന്റെ കരവിരുതിന്റെ പ്രതീകമായി, ഫ്യോർഡിന് നൂറുകണക്കിന് അടികൾക്ക് മുകളിലൂടെ, ഒരു നൂൽപ്പാലത്തിലൂടെയെന്നവണ്ണം ഞങ്ങളുടെ കാർ “ഹാർഡഞ്ചർ പാലം” കടന്നുപോകുമ്പോഴായിരുന്നു.
ഓഡയിലേക്ക് അടുക്കുംതോറും, വഴിയോരക്കാഴ്ചകൾ കൂടുതൽ സുന്ദരമായിക്കൊണ്ടിരുന്നു. യാത്രയുടെ ആവേശകരമായ ഒരു നിമിഷത്തിൽ വഴിയുടെ ഒരു വളവ് തിരിഞ്ഞതും, ഒരു ജലപ്രവാഹം ഞങ്ങളുടെ മുന്നിലേക്ക് അലറിയെത്തിയത്—ലാറ്റേഫോസൻ! ഒരു ഭീമൻ പാറയെ രണ്ടായി പിളർന്നുകൊണ്ട്, സഹോദരങ്ങളെപ്പോലെ ഒരുമിച്ച് താഴേക്ക് കുതിക്കുന്ന ആ ഇരട്ട വെള്ളച്ചാട്ടം. അതിന്റെ സംഗീതം കേട്ട്, ഓർമ്മകളുടെ ഒരു വലിയ ഭാണ്ഡക്കെട്ടുമായി ഞങ്ങൾ ഓഡയിലെ ‘ട്രോൾതുങ്ക വ്യൂ’ എന്ന താവളത്തിലെത്തി. മുറിയുടെ താക്കോലെടുത്ത് ബാൽക്കണിയുടെ വാതിൽ തുറന്നതും, അതുവരെയുള്ള ഞങ്ങളുടെ ക്ഷീണം മുഴുവൻ ആ ഒരൊറ്റ കാഴ്ചയിൽ അലിഞ്ഞില്ലാതായി. ദൂരെ, മേഘങ്ങൾക്കിടയിൽ, എല്ലാറ്റിനും മുകളിൽ ഒരു രാജാവിനെപ്പോലെ അവൻ നിൽക്കുന്നുണ്ടായിരുന്നു – ട്രോൾതുങ്ക!
ട്രോൾതുങ്ക! ലോകം കീഴടക്കാൻ സഞ്ചാരികളെ മാടിവിളിക്കുന്ന മലനിര. രാവിലെ ആറുമണിക്ക് തന്നെ, ആവേശവും അല്പം പേടിയും കലർന്ന മനസ്സോടെ ഞങ്ങൾ ആ മലകയറ്റത്തിന് തയ്യാറായി. മുന്നോട്ട് വെച്ച ഓരോ ചുവടും കഠിനമായിരുന്നു. ഏകദേശം 28 കിലോമീറ്റർ ദൂരവും, പത്തോ പന്ത്രണ്ടോ മണിക്കൂറും നീളുന്ന ഒരു പകൽ മുഴുവൻ വേണ്ടിവരുന്ന ഒരു സാഹസികയാത്ര. ശരീരം തളർന്നുതുടങ്ങിയപ്പോൾ, മനസ്സിന് കരുത്തായത് വഴിയരികിലെ കാഴ്ചകളായിരുന്നു. ചുറ്റും മഞ്ഞുമൂടിയ പാറക്കൂട്ടങ്ങൾ, താഴെ പച്ചപ്പരവതാനി വിരിച്ചതുപോലെ മനോഹരമായ താഴ്‌വരകൾ, കണ്ണാടി പോലെ തിളങ്ങുന്ന തടാകങ്ങൾ… ഒടുവിൽ, മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിൽ ആ നിമിഷം വന്നെത്തി. ആയിരക്കണക്കിന് അടികൾക്ക് മുകളിൽ, മലയിടുക്കിലേക്ക് നാവ് നീട്ടി നിൽക്കുന്ന ആ മലയുടെ അറ്റത്ത് കാലെടുത്തുവെച്ചപ്പോൾ, ഒരു നിമിഷത്തേക്ക് ശ്വാസമെടുക്കാൻ പോലും മറന്നുപോയി. താഴെ വിശാലമായ ലോകം, മുകളിൽ നീലാകാശം, അതിന് രണ്ടിനും നടുവിൽ, വിജയത്തിന്റെ നെറുകയിൽ ഞങ്ങൾ!
ആ മലയുടെ കരുത്തും ആത്മവിശ്വാസവും ഹൃദയത്തിൽ നിറച്ച്, പിറ്റേദിവസം ഞങ്ങൾ പുതിയൊരു അത്ഭുതം തേടി യാത്ര തുടർന്നു. മലയിടുക്കുകളിൽ ഒളിച്ചുവെച്ച സ്വപ്നഭൂമിയായ ഫ്ലോമിലേക്ക്.
ഫ്ലോമിൽ ഞങ്ങളെ കാത്തിരുന്നത് പ്രശസ്തമായ ‘നോർവേ ഇൻ എ നട്ട്ഷെൽ’ യാത്രയായിരുന്നു. ഇത് വെറുമൊരു ടൂർ അല്ല, ബോട്ട്, ബസ്, ട്രെയിൻ എന്നിവയിൽ കയറി നോർവേയുടെ പലതരം ഭംഗി ഒരൊറ്റ ദിവസം കൊണ്ട് കാണാനുള്ള ഒരു അവസരമാണ്.യാത്ര തുടങ്ങിയത് ബോട്ടിലാണ്. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള നേരോയ്ഫ്യോർഡിലൂടെയായിരുന്നു ആ യാത്ര. കൂറ്റൻ മലകൾക്കിടയിലൂടെയുള്ള ആ ഇടുങ്ങിയ ഫ്യോർഡിലൂടെ പോകുമ്പോൾ നമ്മൾ എത്ര ചെറുതാണെന്ന് തോന്നിപ്പോകും. മലമുകളിൽ നിന്ന് നൂലുപോലെ താഴേക്ക് വരുന്ന ഒരുപാട് വെള്ളച്ചാട്ടങ്ങളും കാണാമായിരുന്നു.കരയിലിറങ്ങിയാൽ പിന്നെ ബസ്സിലാണ് യാത്ര. ഒരുപാട് ഹെയർപിൻ വളവുകളുള്ള, നല്ല കുത്തനെയുള്ള ഒരു വഴിയാണിത്. ഓരോ വളവിലും ചെറുതായിട്ടൊന്ന് പേടിക്കുമെങ്കിലും, താഴെ കാണുന്ന കാഴ്ചകൾ ആ പേടിയൊക്കെ മാറ്റും.
ഈ യാത്രയിലെ ഏറ്റവും വലിയ ആകർഷണം ഫ്ലോം റെയിൽവേയാണ്. ലോകത്തിലെത്തന്നെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിലൊന്നാണിത്. മല തുരന്നുണ്ടാക്കിയ ഒരുപാട് തുരങ്കങ്ങളിലൂടെയും, വെള്ളച്ചാട്ടങ്ങളുടെ തൊട്ടരികിലൂടെയുമൊക്കെയാണ് ഈ ട്രെയിൻ പോകുന്നത്. കാഴ്ചകൾ കാണുമ്പോൾ നമ്മൾ വേറെ ഏതോ ലോകത്ത് എത്തിയപോലെ തോന്നും.
ഫ്ലോമിലെ മനോഹരമായ ദിവസങ്ങൾക്ക് ശേഷം ഓസ്ലോയിലേക്കുള്ള മടക്കയാത്രയുടെ ദിവസമെത്തി. പക്ഷേ, ഫ്യോർഡുകളോട് വെറുതെ ഒരു ബൈ പറഞ്ഞുപോകാൻ ഞങ്ങൾ തയ്യാറായിരുന്നില്ല. അതുകൊണ്ട്, യാത്രയുടെ തുടക്കത്തിൽ തന്നെ സ്റ്റെഗാസ്റ്റൈൻ വ്യൂപോയിന്റിലേക്ക് വണ്ടിയോടിച്ചു കയറി. മലമുകളിൽ നിന്ന് താഴെ നീല നിറത്തിൽ പരന്നുകിടക്കുന്ന ഫ്യോർഡിന്റെ ആ കാഴ്ച, നോർവേ യാത്രയുടെ ഓർമ്മയിൽ എന്നെന്നും നിൽക്കുന്ന ഒന്നായി മാറി.
ചില കാഴ്ചകൾ നിങ്ങളെ നൂറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടുപോകും. ബോർഗുൻഡ് സ്റ്റേവ് പള്ളി അങ്ങനെയൊരു അനുഭവമായിരുന്നു. പൂർണ്ണമായും തടിയിൽ നിർമ്മിച്ച ആ ദേവാലയം, കാലത്തെ അതിജീവിച്ച് നിൽക്കുന്ന ഒരു നിശബ്ദ സാക്ഷിയായിരുന്നു. എത്രയെത്ര പ്രാർത്ഥനകൾക്ക് അത് കാതോർത്തിട്ടുണ്ടാകും, എത്രയെത്ര കാലഘട്ടങ്ങൾക്ക് അത് സാക്ഷ്യം വഹിച്ചിട്ടുണ്ടാകും.ചരിത്രപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ നോർവേയുടെ ആത്മാവ് അവിടെവെച്ച് നേരിൽ കണ്ടു.
ഒടുവിൽ, മലനിരകൾക്കും ഗ്രാമങ്ങൾക്കും വിടചൊല്ലി ഓസ്ലോയുടെ വെളിച്ചത്തിലേക്ക് തിരിച്ചെത്തി. ഏഴ് ദിവസം മുൻപ് ഒരുപാട് സ്വപ്നങ്ങളുമായി തുടങ്ങിയ യാത്ര ഇവിടെ അവസാനിക്കുകയാണ്.
ട്രോൾതുങ്കയിലെ കഠിനമായ മലകയറ്റവും, ഫ്ലോമിലെ ശാന്തമായ ഫ്യോർഡുകളും ഒരുപോലെ അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ സന്തോഷം.
ഓരോ യാത്രയും അവസാനിക്കുന്നത് പുതിയൊരു യാത്രയ്ക്ക് തുടക്കമിടാനാണ്. നോർവേയോട് ഞങ്ങൾ തൽക്കാലത്തേക്ക് വിടപറയുകയാണ്. ‘വീണ്ടും കാണാം’ എന്ന മനസ്സിൽ കുറിച്ചിട്ട ഒരു വാക്കുപോലെ, ഈ ഓർമ്മകൾ ഞങ്ങളെ പുതിയ യാത്രകൾക്ക് പ്രേരിപ്പിക്കുകയും, ഇവിടേക്ക് ഒരുനാൾ തിരികെ എത്തിക്കുകയും ചെയ്യും.