താലയിൽ ഇന്ത്യക്കാരനെ അർദ്ധനഗ്‌നനാക്കി മർദ്ദിച്ചു

ഡബ്ലിനിലെ താലയില്‍ ഇന്ത്യക്കാരനെ അര്‍ദ്ധനഗ്നനാക്കി മര്‍ദ്ദനം. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് Parkhill Road-ല്‍ വച്ച് ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യക്കാരനായ പ്രവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സമീപത്തുകൂടെ പോകുകയായിരുന്ന ഒരാള്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ താല യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കുട്ടികളോട് മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് ഗാര്‍ഡ അറിയിച്ചു. മര്‍ദ്ദിച്ച ശേഷം അക്രമികള്‍ ഇദ്ദേഹത്തിന്റെ ട്രൗസര്‍ അഴിപ്പിക്കുകയും ചെയ്തു. സംഭവത്തെ വിദ്വേഷകുറ്റകൃത്യം എന്ന നിലയിലാണ് അന്വേഷിക്കുന്നതെന്ന് ഗാര്‍ഡ പറഞ്ഞു.

താലയില്‍ ഈയിടെയായി വിദേശപൗരന്മാര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ നിരവധി അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. മോശം പെരുമാറ്റം കാരണമാണ് ആക്രമണം എന്നാണ് അവകാശവാദം. എന്നാല്‍ ഇത്തരത്തില്‍ തെറ്റായ ആരോപണമുയര്‍ത്തി വംശീയമായ ആക്രമണമാണ് ചിലര്‍ നടത്തിവരുന്നത്. തീവ്രവലതുപക്ഷ വാദികളും, കുടിയേറ്റവിരുദ്ധരുമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയെയും കുട്ടികളോട് മോശമായി പെരുമാറി എന്നാരോപിച്ച് ഈ മാസം ആദ്യം ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇതിലും ആരോപണം തെറ്റാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണം കുടിയേറ്റക്കാരാണെന്ന് തീവ്രവലതുപക്ഷവാദികള്‍ നിരന്തരം സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരണം നടത്തിവരുന്നുണ്ട്. എന്നാല്‍ ഇത് സത്യമാണെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ഇല്ലെന്ന് നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan വ്യക്തമാക്കിയിരുന്നു. ജയിലില്‍ കിടക്കുന്നവരുടെ കണക്കെടുത്ത് പരിശോധിച്ചാല്‍ അയര്‍ലണ്ടിലുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിന് ആനുപാതികമായി ജയിലില്‍ ഉള്ള കുടിയേറ്റക്കാര്‍ എത്രയോ കുറവാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

അതേസമയം താലയില്‍ ഇന്ത്യക്കാരന് നേരെയുണ്ടായ അക്രമസംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അക്രമികളെ ശിക്ഷിക്കണമെന്നും, നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇദ്ദേഹത്തിന് നീതി ലഭ്യമാക്കാന്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. പെറ്റീഷനില്‍ സൈന്‍ ചെയ്യാന്‍: https://www.change.org/p/enough-is-enough-justice-for-the-tallaght-hate-crime-victim?recruited_by_id=d73d07c0-65c1-11f0-9a56-3326fa6beceb&utm_source=share_petition&utm_campaign=psf_promote_or_share&utm_term=psf_promote_or_share&utm_medium=whatsapp

Share this news

Leave a Reply