കഴിഞ്ഞ ദിവസം ഡബ്ലിൻ താലയിൽ വെച്ച് ഇന്ത്യക്കാരനായ ഒരു കുടിയേറ്റ തൊഴിലാളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. ഒരു കൂട്ടം കൌമാരക്കാരാണ് തെറ്റായ ആരോപണം നടത്തിക്കൊണ്ട് നിരപരാധിയായ ഒരാളെ അർദ്ധനഗ്നനാക്കി മർദ്ദിച്ചത്.
ഒരു മാസത്തിനിടെ തെറ്റായ ആരോപണങ്ങൾ ഉയർത്തി പ്രദേശത്ത് കുടിയേറ്റക്കാരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്.
ഇത് വെറും ഒരു ഒറ്റപ്പെട്ട സംഭവമോ, ഒറ്റപ്പെട്ട പ്രദേശത്തെ സംഭവമോ
ആയി കാണാൻ പാടില്ലെന്നും, അയർലണ്ടിൽ വർദ്ധിച്ചുവരുന്ന വംശവെറിയുടെയും, തീവ്രവലതുപക്ഷ വാദത്തിന്റെയും പ്രതിഫലനമാണ് ഇതെന്നും മൈഗ്രന്റ് കമ്മ്യൂണിറ്റി അയർലണ്ട് പറഞ്ഞു. വിദ്വേഷത്തിനും ആക്രമണങ്ങൾക്കും എതിരെ ഒരുമിച്ച് പോരാടാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
ഭൂരിപക്ഷ ഐറിഷ് സമൂഹവും ഇത്തരം പ്രവൃത്തികൾക്ക് എതിരാണ് എന്നിരിക്കെ രാജ്യത്തെ
പുരോഗമന സംഘടനകളുടെ കൂടെ ചേർന്ന് കുടിയേറ്റ സമൂഹം ഇതിൽ പ്രതിഷേധം രേഖപ്പെടുത്താൻ ആരംഭിച്ചിരിക്കുകയാണ്.
വംശവെറിക്കും, വിദ്വേഷകുറ്റകൃത്യങ്ങള്‍ക്കുമെതിരെ പോരാടുക എന്ന ഉദ്ദേശ്യത്തോടെ ഒരു വാട്‌സാപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. ‘Resist Racism& Hate’ എന്ന ഗ്രൂപ്പില്‍ അംഗമാകാനായി ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/G1qZPLCuAwN7kidooN9SLR
ആക്രമണത്തില്‍ പ്രതിഷേധിച്ച് ജൂലൈ 26 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പാര്‍ലമെന്റ് പ്രതിഷേധവും സംഘടിപ്പിട്ടുണ്ട്. ടിഡിമാര്‍, തൊഴിലാളി യൂണിയനുകള്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കാളികളാകും.