അയർലണ്ടിൽ മദ്യപാനത്തിന് അടിമപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിൽ

അയര്‍ലണ്ടില്‍ മദ്യപാനം നിര്‍ത്താനായി സഹായം തേടുന്നവരുടെ എണ്ണം ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. Health Research Board-ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024-ല്‍ 8,745 പേരാണ് മദ്യപാനം ഒരു പ്രശ്‌നമായി മാറിയതിനെത്തുടര്‍ന്ന് കുടി നിര്‍ത്താനായി ചികിത്സ തേടിയത്. 2023-നെക്കാള്‍ 7% അധികമാണിത്. മാത്രമല്ല കഴിഞ്ഞ 10 വര്‍ഷമെടുത്താല്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ അഡിക്ഷന്‍ ചികിത്സ തേടുന്നത് മദ്യപാനത്തില്‍ നിന്നും രക്ഷപ്പെടാനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ബോര്‍ഡ് മേധാവി Dr Mairéad O’Driscoll പറയുന്നു.

അതേസമയം മദ്യപാനത്തിന് ചികിത്സ തേടുന്നവരില്‍, പൂര്‍ണ്ണമായും മദ്യത്തിന് അടിമപ്പെട്ട്, ഒഴിവാക്കാനാകില്ല എന്ന ഘട്ടം എത്തിയ ശേഷം മാത്രം ചികിത്സ തേടുന്നവരുടെ എണ്ണം 2017-ല്‍ 72% ആയിരുന്നത് 2024-ല്‍ 56% ആയി കുറഞ്ഞിട്ടുണ്ട്. അതായത് കൂടുതല്‍ പേര്‍ മദ്യപാനം ആരംഭിച്ച് അതിന് അടിമപ്പെടും മുമ്പ് തന്നെ ചികിത്സയ്ക്കായി സമീപിക്കുന്നത് വര്‍ദ്ധിച്ചു. ഇതൊരു നല്ല മാറ്റമായി കാണാവുന്നതാണ്.

മറുവശത്ത് മദ്യത്തിനൊപ്പം തന്നെ മയക്കുമരുന്നും ഉപയോഗിക്കുന്നതിനെ തുടര്‍ന്ന്, അത് അഡിക്ഷനായി മാറി ചികിത്സയ്ക്ക് എത്തുന്നവര്‍ അയര്‍ലണ്ടില്‍ കൂടിവരികയാണ്. മദ്യപാനം നിര്‍ത്താനായി ചികിത്സയ്‌ക്കെത്തുന്നവരില്‍ മൂന്നില്‍ ഒന്ന് പേരും മദ്യത്തിനൊപ്പം ഏതെങ്കിലും മയക്കുമരുന്ന് കൂടി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് കൊക്കെയ്ന്‍ (71%) ആണ്. 2017-ല്‍ ഇത് 42% ആയിരുന്നു. കഞ്ചാവ് (49%), benzodiazepines (18%), opioids (10%) എന്നിവയാണ് പിന്നാലെ. മദ്യത്തോടൊപ്പം ഏതെങ്കിലും മയക്കുമരുന്ന് കൂടി ഉപയോഗിക്കുന്നത് സ്‌ട്രോക്ക്, ഹൃദയഘാതം, കരള്‍ രോഗം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും, അക്രമസ്വഭാവം വര്‍ദ്ധിക്കല്‍, ആത്മഹത്യാപരമായ ചിന്തകള്‍ വര്‍ദ്ധിക്കല്‍, പെട്ടെന്നുള്ള മരണം മുതലായവയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും ബോര്‍ഡ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മദ്യപാനം നിര്‍ത്താനായി ചികിത്സയ്‌ക്കെത്തുന്നവരുടെ ശരാശരി പ്രായം 43 വയസ് ആണെന്നും, ഇവരില്‍ 60% പേരും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Share this news

Leave a Reply