അയര്‍ലണ്ടില്‍ അന്തരീക്ഷതാപനില ഉയര്‍ന്ന സാഹചര്യത്തില്‍ കാട്ടുതീ മുന്നറിയിപ്പ് നല്‍കി കാര്‍ഷിക വകുപ്പ്. താപനില 27 ഡിഗ്രി വരെ ഉയര്‍ന്നതോടെ ഓറഞ്ച് ഫോറസ്റ്റ് ഫയര്‍ വാണിങ്ങാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
വാരാന്ത്യത്തില്‍ കാട് സന്ദര്‍ശിക്കാന്‍ പോകുന്നവര്‍ അവിടെ ബാര്‍ബിക്യൂ ഉണ്ടാക്കരുതെന്നും, ക്യാംപ് ഫയര്‍ പാടില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വരണ്ട കാലാവസ്ഥ പെട്ടെന്ന് തീപിടിക്കാനും, തീ പടരാനും ഇടയാക്കും.
അതേസമയം ഇന്ന് പകല്‍ താപനില 21 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. രാത്രിയില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്. താപനില 17 മുതല്‍ 14 ഡിഗ്രി വരെ താഴുകയും ചെയ്യും.
ഞായറാഴ്ചയും നല്ല വെയില്‍ ലഭിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തേക്കാം. 19 മുതല്‍ 25 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ചയും ചൂട് തുടരുകയും പകല്‍ 19-25 ഡിഗ്രി വരെ എത്തുകയും ചെയ്യും. ശേഷമുള്ള ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.