അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോവിഡ്-19 രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായും Health Protection Surveillance Centre (HPSC) അറിയിച്ചു.
ഓഗസ്റ്റ് 16 വരെയുള്ള കണക്കനുസരിച്ച് ആ ആഴ്ച രാജ്യത്ത് 587 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 238 പേര്‍ക്ക് ആശുപത്രിയില്‍ ചികിത്സ വേണ്ടിവരികയും ചെയ്തു. അതില്‍ തന്നെ രണ്ട് പേര്‍ ഐസിയുവിലും ആയിരുന്നു.
ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂണ്‍ ആദ്യം വരെ ഓരോ ആഴ്ചയും ശരാശരി 100 മുതല്‍ 200 വരെ പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഓഗസ്റ്റ് രണ്ടാം വാരം ആയപ്പോഴേയ്ക്കും ഇത് 600-ഓളമായി കുതിച്ചുയര്‍ന്നു. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളില്‍ പകുതിയോളം പേരും 65 വയസിന് മേല്‍ പ്രായമുള്ളവരാണ്.
നഴ്‌സിങ് ഹോമുകളിലാണ് ഏറ്റവും കൂടുതലായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രികള്‍, റെസിഡന്‍ഷ്യല്‍ ഹോമുകള്‍ എന്നിവയാണ് പിന്നാലെ. കോവിഡ് പരിശോധന കുറഞ്ഞതോടെ പലരും കോവിഡ് പോസിറ്റീവാണ് എന്ന കാര്യം തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യുന്നു. വിന്റര്‍ സീസണിലും, സമ്മര്‍ സീസണിലും കോവിഡ് ബാധ വര്‍ദ്ധിച്ചേക്കാം എന്നും ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
കഴിഞ്ഞ അഞ്ച് ആഴ്ചകളില്‍ രാജ്യത്തുണ്ടായ 66% കോവിഡ് കേസുകള്‍ക്കും കാരണം XFG എന്നറിയപ്പെടുന്ന വകഭേദമാണ്. 18% പേര്‍ക്ക് NB.1.8.1 വകഭേദവും, LP.8.1 വകഭേദവുമാണ് സ്ഥിരീകരിച്ചത്. ഇവയ്ക്ക് പുറമെ XEC, XBB.1.5-like, BA.2.86+R346T, BA.2.86+F456L, BA.2.86 recombinant എന്നീ കോവിഡ് വകഭേദങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 3 വരെ ലോകത്ത് 56,174 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.