ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും, കുടുംബത്തിനും ഓൺലൈനിലൂടെ ഭീഷണി; വിശദമായ അന്വേഷണമാരംഭിച്ച് ഗാർഡ

ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിനും, കുടുംബത്തിനും നേരെ ഓണ്‍ലൈനില്‍ ഭീഷണി. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഞായറാഴ്ച രാവിലെയോടെയാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ ഗാര്‍ഡ വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡബ്ലിനിലെ സോഷ്യല്‍ മീഡിയയുടെ ഓഫീസുമായും ഗാര്‍ഡ ബന്ധപ്പെട്ടിട്ടുണ്ട്.

തനിക്കും കുടുംബത്തിനും നേരെ ഓണ്‍ലൈനിലൂടെ ഭീഷണി ഉണ്ടായതായും, ഒരു പിതാവ് എന്ന നിലയില്‍ ഇത് തനിക്ക് വളരെ വലിയ വിഷമമുണ്ടാക്കുന്നതാണെന്നും, ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഇത്തരം ഭീഷണികള്‍ ഒട്ടും സ്വാഗതാര്‍ഹമല്ലെന്നും സൈമണ്‍ ഹാരിസ് പ്രസ്താവനയില്‍ പറഞ്ഞു. ആളുകളെ, അത് ആരെയായാലും ഭീഷണിപ്പെടുത്തുക എന്നത് കുറ്റകൃത്യമാണെന്നും, കുട്ടികളെ ഭീഷണിപ്പെടുത്തുക എന്നത് അധമമായ പ്രവൃത്തിയാണെന്നും പറഞ്ഞ ഹാരിസ്, അത് ഭീരുത്വമാണെന്നും കൂട്ടിച്ചേര്‍ത്തു. നല്ലൊരു സമൂഹത്തിന് ഇത്തരം കാര്യങ്ങള്‍ സഹിക്കാന്‍ സാധിക്കുന്നതല്ലെന്നും, ഗാര്‍ഡ അന്വേഷണം നടത്തുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Garda National Cyber Crime Bureau-യ്ക്ക് ഒപ്പം ഭീകരവിരുദ്ധ സംഘമായ Special Detective Unit (SDU)-ഉം ചേര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

മുമ്പ് പ്രധാനമന്ത്രിയായിരുന്ന സമയത്തും സൈമണ്‍ ഹാരിസിനെയും, കുടുംബത്തെയും അപകടപ്പെടുത്തുമെന്ന ഭീഷണികള്‍ ലഭിച്ചിരുന്നു. നിലവില്‍ ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, പ്രതിരോധ മന്ത്രി, വാണിജ്യവകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹത്തിന് നേരെ ഭീഷണികള്‍ തുടരുകയാണ്. പ്രധാനമന്ത്രിക്ക് നല്‍കുന്ന തരത്തില്‍ സദാ ഗാര്‍ഡയുടെ സുരക്ഷ ഹാരിസിനും നല്‍കിവരുന്നുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ 24 മണിക്കൂര്‍ സായുധസേനാ സുരക്ഷയും നല്‍കുന്നുണ്ട്.

Share this news

Leave a Reply