ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ഒന്നിലധികം ബോംബ് ഭീഷണികള്‍. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു. അതേസമയം ഹാരിസിന്റെ കുടുംബത്തിന് നേരെ കഴിഞ്ഞയാഴ്ച ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെ, കേസെടുക്കാതെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണികള്‍ എത്തിയത്. ശനിയാഴ്ച ഹാരിസിന്റെ അടുത്ത കുടുംബാംഗത്തെ അപകടപ്പെടുത്തുമെന്ന തരത്തില്‍ ഭീഷണി ലഭിച്ചിരുന്നു. മുമ്പും പലതവണ ഹാരിസിനും, കുടുംബത്തിനും നേരെ ഭീഷണികള്‍ ഉണ്ടായിരുന്നു.
പ്രതിരോധം, വിദേശകാര്യം, വാണിജ്യം എന്നീ വകുപ്പുകളുടെ കൂടി ചുമതലയുള്ള മന്ത്രിയായ ഹാരിസിന് നേരെ ദിവസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് ഭീഷണിയുണ്ടാകുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ ഗാര്‍ഡ ഡോഗ് യൂണിറ്റ് അടക്കം പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ട്. മന്ത്രി ഇപ്പോള്‍ വീട്ടില്‍ ഇല്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തനിക്കെതിരെ ലഭിച്ച ഓണ്‍ലൈന്‍ ഭീഷണികളുടെ കാര്യം Fine Gael പാര്‍ട്ടിയിലെയും, സര്‍ക്കാരിലെയും സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുമെന്ന് ഹാരിസ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ തടയേണ്ടതുണ്ടെന്നും, തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കാണ് തന്റെ ആദ്യം മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.