ലിമറിക് ക്രിക്കറ്റ് കിരീടം കിൽക്കെനി വാരിയേഴ്സിന്; ഫൈനലിൽ മീത്ത് സ്ട്രൈക്കേഴ്സിനെ എട്ട് റൺസിന് തോൽപ്പിച്ചു

ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ‘ക്രാന്തി ലിമറിക് യൂണിറ്റ്’ സംഘടിപ്പിച്ച ടൂർണമെന്റിൽ കിൽക്കെനി വാരിയേഴ്സ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ മീത്ത് സ്ട്രൈക്കേഴ്സിനെ എട്ട് റൺസിനാണ് കിൽക്കെനി കീഴടക്കിയത്. ലിമറിക്കിലെ ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ചു.

ആദ്യസെമിഫൈനലിൽ കിൽക്കെനി വാരിയേഴ്സ്, അയ്നാഷ് 11-നെ 29 റൺസിന് പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയപ്പോൾ, രണ്ടാം സെമിയിൽ ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ടീമിനെ 10 വിക്കറ്റിന് തകർത്താണ് മീത്ത് സ്ട്രൈക്കേഴ്സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഫൈനൽ പോരാട്ടത്തിലെ താരവും, ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി തിരഞ്ഞെടുക്കപ്പെട്ടത് കിൽക്കെനി വാരിയേഴ്സിന്റെ സുമൈർ രാജയാണ്. കൂടാതെ, ടൂർണമെന്റിലെ മികച്ച ബാറ്റർ, കൂടുതൽ സിക്സറുകൾ നേടിയ താരം എന്നീ പുരസ്കാരങ്ങളും സുമൈർ സ്വന്തമാക്കി.

മികച്ച ബോളർ, മാൻ ഓഫ് ദി സീരീസ് പുരസ്കാരങ്ങൾ മീത്ത് സ്ട്രൈക്കേഴ്സിന്റെ അഥർവ്വ നേടിയപ്പോൾ, ന്യൂകാസിൽ വെസ്റ്റ് ടീമിന്റെ ഷീൻ മികച്ച ക്യാച്ചിനുള്ള പുരസ്കാരത്തിന് അർഹനായി.

വിജയികളായ കിൽക്കെനി വാരിയേഴ്സിന് ക്രാന്തി പ്രസിഡന്റ് അനൂപ് ജോൺ 501 യൂറോയും എവർ റോളിങ് ട്രോഫിയും സമ്മാനിച്ചു. ലിമറിക്ക് യൂണിറ്റ് പ്രസിഡന്റ് റിനു നാരായണൻ ടീമംഗങ്ങൾക്ക് മെഡലുകൾ നൽകി.

റണ്ണേഴ്‌സ് അപ്പായ മീത്ത് സ്ട്രൈക്കേഴ്സിന് കേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് തോമസ് 301 യൂറോയും ട്രോഫിയും കൈമാറി. ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് അംഗം ജയ് ഹിമറാത്ത്, ടീം അംഗങ്ങൾക്ക് മെഡലുകൾ സമ്മാനിച്ചു.

മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാർക്കുള്ള പ്രത്യേക സമ്മാനങ്ങൾ ലോക കേരള സഭാംഗം ഷിനിത് എ. കെ, യൂണിറ്റ് സെക്രട്ടറി ഫിവിൻ തോമസ്, യൂണിറ്റ് ട്രഷറർ മഹേഷ് പള്ളത്ത്, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബോബി എന്നിവർ വിതരണം ചെയ്തു.

ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സഹകരിച്ചവർക്കും യൂണിറ്റ് കമ്മിറ്റി നന്ദി അറിയിച്ചു.

Share this news

Leave a Reply