ഡബ്ലിനിൽ അമേരിക്കൻ ഫുട്ബോൾ താരത്തെ ആക്രമിച്ച് കവർച്ച; ‘ആറടി ഉയരമുള്ള മന്ത്രിക്ക് ഡബ്ലിൻ സുരക്ഷിതമായി തോന്നാം, എന്നാൽ എല്ലാവർക്കും അങ്ങനെയല്ല’ എന്ന് വിമർശനം

ഡബ്ലിനില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരത്തെ ആക്രമിച്ച് കവര്‍ച്ച നടത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് നാഷണല്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ സ്‌കൈലാര്‍ തോംപ്‌സണ്‍ എന്ന ഫുട്‌ബോള്‍ താരത്തിന് ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ നിസ്സാരമായി പരിക്കേറ്റ 28-കാരനായ താരം വീണ്ടും ടീമിനൊപ്പം ചേര്‍ന്നു.

വൈക്കിങ്‌സിന് എതിരായ മത്സരത്തിനായാണ് സ്റ്റീലേഴ്‌സ് താരമായ തോംപ്‌സണ്‍ ഡബ്ലിനില്‍ എത്തിയത്. നേരത്തെ മറ്റൊരു പരിക്കേറ്റ ഇദ്ദേഹം റിസര്‍വ്വ് കളിക്കാരനായാണ് എത്തിയിരുന്നത്.

നഗരത്തിലെ അക്രമവാസനയും, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാരാന്ത്യത്തില്‍ നടന്ന ഈ സംഭവമെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ടിഡി Gary Gannon പ്രതികരിച്ചു. ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ക്ക് നേരെ നഗരത്തില്‍ ആക്രമണം നടക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും, നഗരത്തിലെ അക്രമത്തിന് അറുതി വരുത്താനായി പ്രത്യേക പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഡബ്ലിന്‍ ടാസ്‌ക് ഫോഴ്‌സ് പദ്ധതിക്കായി ഇതുവരെ ഒരു തുകയും ചെലവിട്ടിട്ടില്ലെന്നും Gary Gannon ആരോപിക്കുന്നു.

6’2 അടി ഉയരമുള്ള തനിക്ക് ഡബ്ലിന്‍ നഗരത്തിലൂടെ ഏത് സമയത്തും നടക്കാന്‍ സുരക്ഷിതമായി തോന്നുന്നു എന്ന നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്റെ പ്രസ്താവനയെയും Gannon വിമര്‍ശിച്ചു. ഒരു കുടിയേറ്റക്കാരനോ, എല്‍ജിബിടിക്യു വിഭാഗത്തില്‍ പെട്ടയാള്‍ക്കോ, ഒരു സ്ത്രീക്കോ നഗരത്തിലൂടെ ഒറ്റയ്ക്ക് സുരക്ഷിതമായി നടക്കാവുന്ന സ്ഥിതി അല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply