ഡബ്ലിനിലെ സ്‌പോര്‍ട്ട് അയര്‍ലണ്ട് ക്യാംപസില്‍ പുതിയ നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള നിര്‍മ്മാണാനുമതി നല്‍കി അധികൃതര്‍. സ്റ്റേഡിയത്തിന്റെ ആദ്യ ഘട്ടത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള അന്തിമ അനുമതിയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. രണ്ട് ഘട്ടത്തിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശ്യം. കളിസ്ഥലവും, അനുബന്ധ സൗകര്യങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക.
ഇതോടെ പ്രധാന ഫീല്‍ഡ്, 4,240 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകള്‍, ഒരു ഹൈ പെര്‍ഫോമന്‍സ് സെന്റര്‍, കളിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള കെട്ടിടം എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. ഈ ഘട്ടത്തില്‍ തന്നെ അത്യാവവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍ക്കിങ് എന്നിവയും നിര്‍മ്മിക്കാം.
2030 ടി20 വേള്‍ഡ് കപ്പിന്റെ സഹ ആതിഥേയര്‍ കൂടിയാണ് എന്നതിനാല്‍, സ്റ്റേഡിയം ക്രിക്കറ്റ് അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ലോക ക്രിക്കറ്റിലെ പ്രധാന ടീമുകളിലൊന്നായി മാറാനുള്ള സാഹചര്യവും സ്റ്റേഡിയം അയര്‍ലണ്ടിന് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ക്രിക്കറ്റ് അയര്‍ലണ്ട് തലവന്‍ ബ്രയാന്‍ മക്‌നീസ് പറഞ്ഞു.
ക്രിക്കറ്റിന് പുറമെ മറ്റ് സാമൂഹിക കൂട്ടായ്മകള്‍ക്കായും സ്റ്റേഡിയം ഉപയോഗപ്പെടുത്തും. ഡബ്ലിന്‍ 15-ലെ Blanchardstown-ലുള്ള സ്‌പോര്‍ട്ട് അയര്‍ലണ്ട് ക്യാംപസില്‍ ഏകദേശം 30 ഹെക്ടറോളം പരന്നുകിടക്കുന്ന പ്രദേശത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്.






