ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ശക്തരായ പോര്‍ച്ചുഗലിനെതിരെ അയര്‍ലണ്ടിന് അട്ടിമറി വിജയം. സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ രണ്ട് ഗോളിനാണ് അയര്‍ലണ്ട് പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചത്.
വ്യാഴാഴ്ച രാത്രി ഡബ്ലിന്‍ അവൈവ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ Troy Parrottഅയര്‍ലണ്ടിനായി ഇരട്ട ഗോളുകള്‍ നേടി. ആദ്യ പകുതിയിലെ 17, 45 മിനിറ്റുകളിലാണ് പോര്‍ച്ചുഗീസ് പ്രതിരോധം തകര്‍ത്ത് Parrott രണ്ട് ഗോളുകള്‍ വലയിലാക്കിയത്. കളിയില്‍ പന്ത് കൈവശം വയ്ക്കുന്നതിലും മറ്റും പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും വിജയം അയര്‍ലണ്ടിനൊപ്പമായിരുന്നു.
കളി തീരാന്‍ അര മണിക്കൂര്‍ ബാക്കിയുള്ളപ്പോഴാണ് ഐറിഷ് ഡിഫന്‍ഡറായ Dara O’Shea-യെ മുട്ടുവച്ച് തള്ളിയതിനെ തുടര്‍ന്ന് റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. സീനിയര്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഇതാദ്യമായാണ് റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുന്നത്. 225 തവണ പോര്‍ച്ചുഗലിനായി കളിച്ചതിന് ശേഷമാണിത്. ഇതോടെ അര്‍മീനിയയ്ക്ക് എതിരെ ഞായറാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഇറങ്ങാനും സാധിക്കില്ല.
അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ഞായറാഴ്ച അയര്‍ലണ്ട് ഹംഗറിയെ നേരിടും.






