3-2-ന് ഹംഗറിയും വീണു; ലോകകപ്പ് യോഗ്യതാ പ്ലേ ഓഫിന് യോഗ്യത നേടി അയർലണ്ട്

പോര്‍ച്ചുഗലിന് എതിരായ അട്ടിമറി വിജയത്തിന് പിന്നാലെ ഹംഗറിയെയും കീഴടക്കിക്കൊണ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ അവസാന പോരാട്ടത്തിന് യോഗ്യത നേടി അയര്‍ലണ്ട്. ഞായറാഴ്ച ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ Troy Parrott-ന്റെ ഹാട്രിക്ക് ഗോളോടെ 3-2 എന്ന സ്‌കോറിനാണ് അയര്‍ലണ്ട് ഹംഗറിയെ തോല്‍പ്പിച്ചത്. പോര്‍ച്ചുഗലിന് എതിരായ മത്സരത്തിലും ഇരട്ട ഗോളുകളോടെ Parrott ഹീറോ ആയിരുന്നു.

ആദ്യ പകുതിയിലെ മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ ഹംഗറിക്കെതിരെ 15-ആം മിനിറ്റില്‍ പെനാല്‍റ്റി ഗോളോടെ Parrott തിരിച്ചടി നല്‍കി. എന്നാല്‍ 37-ആം മിനിറ്റിലെ ഗോളോടെ ഹംഗറി ലീഡ് നേടി. അങ്ങനെ ആദ്യ പകുതി 2-1 എന്ന സ്‌കോറിന് അവസാനിച്ചു.

രണ്ടാം പകുതിയിലെ 80-ആം മിനിറ്റില്‍ വീണ്ടും ഹംഗറിയുടെ വല കുലുക്കിയ Parrott അയര്‍ലണ്ടിനെ 2-2 എന്ന സ്‌കോറില്‍ ഒപ്പമെത്തിച്ചു. പിന്നാലെ കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്‍ജുറി ടൈമിലെ ഗോളോടു കൂടി അയര്‍ലണ്ട് വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

മാര്‍ച്ചില്‍ ഇനി വരുന്ന പ്ലേ ഓഫിലെ രണ്ട് പാദ മത്സരങ്ങള്‍ വിജയിച്ചാല്‍ അയര്‍ലണ്ട് 2026 ലോകകപ്പിന് യോഗ്യത നേടും.

Share this news

Leave a Reply