ഡബ്ലിൻ: അയർലൻഡ് അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഇടംനേടി മലയാളികൾക്കും ഇന്ത്യയ്ക്കും അഭിമാനമായിരിക്കുകയാണ് ഫെബിൻ മനോജ്. ഡബ്ലിനിലെ ഹിൽസ് (Hills) ക്രിക്കറ്റ് ക്ലബ്ബിലെ മിന്നും താരമായ ഫെബിൻ, ലോകകപ്പ് സ്ക്വാഡിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.

വലിയ പ്രതീക്ഷയോടെ അയർലൻഡ്; കോച്ച് പീറ്റർ ജോൺസ്റ്റൺ
ലോകകപ്പിനൊരുങ്ങുന്ന അയർലൻഡ് ടീമിന് വലിയ ആത്മവിശ്വാസമുണ്ടെന്ന് ഹെഡ് കോച്ച് പീറ്റർ ജോൺസ്റ്റൺ പറഞ്ഞു. “കഴിഞ്ഞ ലോകകപ്പുകളിൽ, 2022-ൽ പത്താം സ്ഥാനത്തും 2024-ൽ എട്ടാം സ്ഥാനത്തും എത്തിയ അയർലൻഡ് ടീം ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ലോകത്തിലെ മികച്ച ടീമുകളോട് മത്സരിക്കാനുള്ള കരുത്ത് ഞങ്ങളുടെ ടീമിനുണ്ട് ,” അദ്ദേഹം വ്യക്തമാക്കി. ഒലി റിലി (ക്യാപ്റ്റൻ), റൂബൻ വിൽസൺ (വൈസ് ക്യാപ്റ്റൻ) എന്നിവരുടെ അനുഭവസമ്പത്ത് ടീമിന് മുതൽകൂട്ടാകുമെന്നും കോച്ച് പറഞ്ഞു.
സെപ്റ്റംബർ മുതൽ നടക്കുന്ന കഠിനമായ പരിശീലനങ്ങളും, സീനിയർ താരങ്ങളായ ജോർജ് ഡോക്രൽ, ഗാരെത് ഡെലാനി, ലോർക്കൻ ടക്കർ എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങളും ടീമിന് കരുത്തേകുന്നുണ്ട്.
സ്വപ്നതുല്യമായ നേട്ടം: ഫെബിൻ മനോജ്
ലോകകപ്പ് പ്രവേശനത്തെക്കുറിച്ച് ഫെബിൻ ആവേശത്തോടെ പ്രതികരിച്ചു. “ഇതൊരു വലിയ സ്വപ്നസാഫല്യമാണ്. കഠിനാധ്വാനത്തിനും പരിശീലനത്തിനും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ഈ അവസരത്തെ കാണുന്നത്. ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന് അഭിമാനമാവുക എന്നതാണ് ലക്ഷ്യം,” ഫെബിൻ പറഞ്ഞു. തന്റെ കായിക യാത്രയിൽ ഒപ്പം നിന്ന പരിശീലകർക്കും, കുടുംബത്തിനും, പിന്തുണയേകിയ അയർലൻഡിലെ മലയാളി സമൂഹത്തിനും ഫെബിൻ നന്ദി അറിയിച്ചു. ഫെബിന്റെ ഓൾ-റൗണ്ട് മികവ് അയർലൻഡ് ടീമിന് കരുത്താകുമെന്നാണ് വിലയിരുത്തൽ.
പിന്തുണയേകി കുടുംബവും സമൂഹവും…
കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയായ മനോജ് ജോണിന്റെയും, Athy സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നഴ്സ് മാനേജരായ ബീന വർഗീസിന്റെയും മകനാണ് ഫെബിൻ. സഹോദരി: നെഹ മനോജ്.
കുടുംബത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഫെബിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി. “സുഹൃത്തുക്കളുടെയും, അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെയും പ്രാർത്ഥനയും പിന്തുണയും കൊണ്ടാണ് ഫെബിൻ ഈ ഉയർച്ച കൈവരിച്ചത്,” മനോജ് ജോൺ പറഞ്ഞു. ഫെബിന്റെ സഹപാഠികളും സുഹൃത്തുക്കളും ഈ വിജയം ആഘോഷമാക്കുകയാണ്.
അയർലൻഡ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിക്കുന്ന ഫെബിന്റെ നേട്ടം, പ്രവാസി മലയാളികൾക്ക് ഒന്നാകെ ആവേശം പകരുന്ന ഒന്നാണ്.
(വാർത്ത : ബിനു ഉപേന്ദ്രൻ)






