അയര്‍ലണ്ടില്‍ വീടുകളുടെ വിലക്കയറ്റം 10 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie. 2025-ലെ രണ്ടാം പാദത്തില്‍ ഭവനവില ശരാശരി 3% ഉയര്‍ന്നുവെന്നും വെബ്‌സൈറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2025 രണ്ടാം പാദത്തില്‍ രാജ്യത്ത് ഒരു വീടിന്റെ വില ശരാശരി 357,851 യൂറോ ആയിരുന്നു. രാജ്യത്ത് ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന വിലയെക്കാള്‍ 12.3% അധികമാണിത്. കോവിഡ് ആരംഭിക്കുന്ന സമയെത്തെക്കാള്‍ 40 ശതമാനവും അധികമാണിത്.
പ്രോപ്പര്‍ട്ടി മേഖലയില്‍ നിലവിലുള്ള പണപ്പെരുപ്പം 10 വര്‍ഷം മുമ്പ് മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റ് നിയമങ്ങള്‍ അവതരിപ്പിച്ച ശേഷമുള്ള കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഒരു വര്‍ഷത്തിനിടെ വീടുകള്‍ക്ക് ഡബ്ലിന്‍ പ്രദേശത്തെ വിലക്കയറ്റം 12.3% ആണെങ്കില്‍, ലിമറിക്ക് സിറ്റിയില്‍ അത് 12.8 ശതമാനവും, ഗോള്‍വേ സിറ്റിയില്‍ 12.5 ശതമാനവും, വാട്ടര്‍ഫോര്‍ഡ് സിറ്റി, കോര്‍ക്ക് സിറ്റി എന്നിവിടങ്ങളില്‍ യഥാക്രമം 15.2%, 8.6% എന്നിങ്ങനെയുമാണ്.
ഡബ്ലിനില്‍ ഒരു വീടിന്റെ ശരാശരി വില 467,913 യൂറോ ആയി ഉയര്‍ന്നപ്പോള്‍, കോര്‍ക്ക് സിറ്റിയില്‍ ഇത് 369,938 യൂറോയും, ഗോള്‍വേ സിറ്റിയില്‍ 426,348 യൂറോയും ആണ്.
വീടുകളുടെ ലഭ്യതക്കുറവ് തന്നെയാണ് ഭവനവില കുത്തനെ ഉയരാന്‍ കാരണമെന്ന് Daft.ie പറയുന്നു.
ജൂണ്‍ 1-ലെ കണക്കനുസരിച്ച് രാജ്യത്ത് വില്‍പ്പനയ്ക്ക് ലഭ്യമായ സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ എണ്ണം 12,100 മാത്രമായിരുന്നു. കോവിഡിന് മുമ്പാകട്ടെ ശാരാശരി 25,000 വീടുകളായിരുന്നു ലഭ്യമായിരുന്നത്.






