ഐറിഷ് വിപണിയില്‍ ചരിത്രത്തിലെ ഏറ്റവുമധികം മാര്‍ക്കറ്റ് ഷെയര്‍ നേടി ഇലക്ട്രിക് കാറുകള്‍. ഈ വര്‍ഷം വില്‍പ്പന നടത്തിയ പുതിയ കാറുകളില്‍ 18.4% ആണ് ഇവികളുടെ മാര്‍ക്കറ്റ് ഷെയര്‍. 2023-ലെ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്.
അതേസമയം രാജ്യത്ത് ഇപ്പോഴും ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് പെട്രോള്‍ കാറുകളാണ്. ഈ വര്‍ഷം ഇതുവരെ വില്‍ക്കപ്പെട്ട കാറുകളില്‍ 25 ശതമാനവും പെട്രോള്‍ മോഡലുകളാണ്. റെഗുലര്‍ ഹൈബ്രിഡ്‌സ് 23.8%, ഡീസല്‍ 17.1%, പ്ലഗ് ഇന്‍ ഹൈബ്രിഡ്‌സ് 15% എന്നിങ്ങനെയാണ് മറ്റ് മോഡലുകളുടെ കണക്കുകള്‍.
ഇവി വിപണിയില്‍ ഈ വര്‍ഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് ഫോക്‌സ് വാഗണ്‍ കാറുകളാണ്. ആകെ 3,265 കാറുകളാണ് ജര്‍മ്മന്‍ കമ്പനിയായ ഫോക്‌സ് വാഗണ്‍ ഇതുവരെ വിറ്റത്. കിയ (2,821), ടെസ്ല (2,622) എന്നിവയാണ് പിന്നാലെ. അതേസമയം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇവി കാര്‍ മോഡലുകള്‍ VW ID.4, Tesla Model 3, Kia EV3 എന്നിവയുമാണെന്ന് Society of the Irish Motor Industry (SIMI) റിപ്പോര്‍ട്ട് പറയുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് (നവംബര്‍ വരെയുള്ള 12 മാസങ്ങളില്‍) അയര്‍ലണ്ടിലെ കാര്‍ വിപണി 3% വളര്‍ച്ച നേടിയിട്ടുണ്ട്. ആകെ 124,680 പുതിയ കാറുകളാണ് ഈ വര്‍ഷം ഇതുവരെ വിറ്റത്. ഏറ്റവുമധികം കാറുകള്‍ വിറ്റഴിച്ച കമ്പനിയായി ടൊയോട്ട തന്നെ തുടരുകയാണ്. ഫോക്‌സ് വാഗണാണ് രണ്ടാമത്. സ്‌കോഡ, ഹ്യുണ്ടായ്, കിയ എന്നിവയാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. പ്രീമിയം കാറായ ബിഎംഡബ്ല്യു ആണ് ആറാമത്.
രാജ്യത്ത് ഈ വര്‍ഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ മോഡല്‍ ഹ്യുണ്ടായുടെ Tuscon ആണ്. ഈ വര്‍ഷം ഇതുവരെ 4,643 കാറുകളാണ് ഈ മോഡല്‍ വിറ്റഴിക്കപ്പെട്ടത്. Skoda Octavia (3,677), Kia Sport (3,461), Toyota Yaris Cross (3,460) എന്നിവ പിന്നാലെ.






