രാജ്യത്ത് വീശിയടിച്ച Storm Bram-നെ തുടര്‍ന്ന് ഏകദേശം 8,000-ഓളം വീടുകളും, സ്ഥാപനങ്ങളും, ഫാമുകളും ഇപ്പോഴും ഇരുട്ടില്‍ തുടരുന്നു. ഇന്നലെ 54,000-ഓളം വീടുകളില്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. നിലവില്‍ വൈദ്യുതിയില്ലാത്ത വീടുകളില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ ESB ശ്രമം നടത്തിവരികയാണ്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് പലയിടത്തായി പറന്നുവീണ് കിടക്കുന്ന വസ്തുക്കള്‍ മാറ്റാനും, വൃത്തിയാക്കാനുമുള്ള പ്രവൃത്തികളും നടന്നുവരുന്നുണ്ട്. മറിഞ്ഞുവീണ് കിടക്കുന്ന മരങ്ങള്‍, മറ്റ് വസ്തുക്കള്‍, വൈദ്യുത കമ്പികള്‍ എന്നിവയെല്ലാം അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
ചൊവ്വാഴ്ചത്തെ ശക്തമായ കാറ്റില്‍ വൈദ്യുതബന്ധം പ്രധാനമായും തടസപ്പെട്ടത് Wexford, Wicklow, Dublin, Laois, Kilkenny, Offaly, Tipperary എന്നീ കൗണ്ടികളിലാണെന്ന് ESB അറിയിച്ചു. മരം കടപുഴകി വീണത് ഡബ്ലിനിലെ DART, റെയില്‍ സര്‍വീസുകളെയും ബാധിച്ചു. കൊടുങ്കാറ്റ് കാരണം 91 വിമാന സര്‍വീസുകളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് റദ്ദാക്കിയത്.
അതേസമയം കാറ്റ് കുറഞ്ഞെങ്കിലും ഇന്ന് അതിശക്തമായ മഴയാണ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ആശങ്കയുണ്ട്. പുഴകളും, കനാലുകളും നിറഞ്ഞ് കവിയുമെന്നാണ് കരുതുന്നത്. ശക്തമായ കാറ്റ് തുടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് Galway, Mayo, Kerry എന്നീ കൗണ്ടികളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വ്യാഴാഴ്ച രാവിലെ 7 മണി വരെ യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്.






