യൂറോപ്പിലെ ഏറ്റവും ഗതാഗത കുരുക്കേറിയ മൂന്നാമത്തെ നഗരമായി ഡബ്ലിൻ; മുന്നിൽ ഈ രണ്ട് നഗരങ്ങൾ മാത്രം

ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ 11-ആമത്തെ നഗരമായി തലസ്ഥാനമായ ഡബ്ലിന്‍. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡാറ്റാ കമ്പനിയായ Infix പുറത്തുവിട്ട 2025-ലെ ഏറ്റവും തിരക്കേറിയ യൂറോപ്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ മൂന്നാം സ്ഥാനത്തുമാണ്.

പട്ടിക പ്രകാരം 2025-ല്‍ 95 മണിക്കൂറാണ് ഡബ്ലിനിലെ ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ക്ക് നഷ്ടമാകുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 17% അധികമാണിത്. 2023-നെക്കാള്‍ 32 ശതമാനവും. കഴിഞ്ഞ വര്‍ഷം ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ലോകത്ത് 15-ആം സ്ഥാനത്തായിരുന്നു അയര്‍ലണ്ട്.

യൂറോപ്പില്‍ ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ പാരിസ്, ലണ്ടന്‍ എന്നീ നഗരങ്ങള്‍ മാത്രമാണ് ഡബ്ലിന് മുമ്പിലുള്ളത്. എന്നാല്‍ ഈ നഗരങ്ങള്‍ക്കാകട്ടെ ശരാശരി ഗതാഗതക്കുരുക്ക് സമയത്തില്‍ ഈയിടെ കുറവ് വരുത്താനും സാധിച്ചിട്ടുണ്ട്. പക്ഷേ ഡബ്ലിനില്‍ സമയം വര്‍ദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

അയര്‍ലണ്ടില്‍ ഡബ്ലിന്‍ കഴിഞ്ഞാല്‍ ഏറ്റവും ഗതാഗതക്കുരുക്കേറിയ നഗരം ഗോള്‍വേ ആണ്. ആഗോളപട്ടികയില്‍ 71-ആമതാണ് ഗോള്‍വേ. വര്‍ഷം 62 മണിക്കൂറാണ് ഇവിടെ ആളുകള്‍ക്ക് ബ്ലോക്കില്‍ നഷ്ടമാകുന്നത്. എന്നാല്‍ 2024-നെ അപേക്ഷിച്ച് ഇത് 7% കുറവാണ്.

പട്ടിക പ്രകാരം ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം തുര്‍ക്കിയിലെ ഇസ്താംബുള്‍ ആണ്. 118 മണിക്കൂറാണ് ഇവിടെ ഡ്രൈവിങ്ങിനിടെ നഷ്ടമാകുന്നത്.

Share this news

Leave a Reply