ഇൻറർനെറ്റിൽ വ്യാപകമായി ‘എഐ ഗേൾ ഫ്രണ്ടുകൾ’; ഈ കെണിയിൽ നിങ്ങളുടെ കുട്ടിയും പെട്ടോ?

കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ‘എഐ ഗേള്‍ഫ്രണ്ട് പോണ്‍ ആപ്പുകള്‍ (AI Girlfriend Porn Apps)’ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. ആക്രമണോത്സുകമായ ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ആപ്പുകള്‍ നിയമപരമായി നിരോധിക്കാതിരുന്നാല്‍, അത് നമ്മുടെ ആണ്‍കുട്ടികളുടെയും, പെണ്‍കുട്ടികളുടെയും ജീവന് തന്നെ ഭീഷണിയായിത്തീരുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സ്ത്രീകളെയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ശാരീരികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഡിജിറ്റല്‍ കണ്ടന്റുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഇത്തരം ആപ്പുകള്‍ നിരോധിക്കുന്നതായി യുകെയും, ഓസ്‌ട്രേലിയയും ഈയിടെ പ്രഖ്യാപിച്ചിരുന്നു. ആപ്പുകള്‍ക്കൊപ്പം ഇത്തരം അനവധി വെബ്‌സൈറ്റുകളും ലഭ്യമാണ്. ഗേള്‍ഫ്രണ്ട് എന്നാണ് പേരെങ്കിലും, നിര്‍മ്മിക്കുന്നയാള്‍ ആവശ്യപ്പെടുന്ന എന്തും ചെയ്യുന്ന ലൈംഗിക അടിമകളാണ് ഈ ഡിജിറ്റല്‍ സൃഷ്ടികളെന്ന് യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിനിലെ Sexual Exploitation Research and Policy Institute (SERP) ഗവേഷകനായ Eoghan Cleary പറയുന്നു. ഇത് പിന്നീട് ജീവിതത്തില്‍ പകര്‍ത്താനും കുട്ടികള്‍ ശ്രമിക്കും. ഭാവിയില്‍ വലിയ വ്യക്തിവൈകല്യങ്ങള്‍ക്കാകും ഇത് കാരണമാകുക.

സ്വന്തമായി ഭാവനയിലോ, അല്ലെങ്കില്‍ ശരിക്കുള്ള ഏതെങ്കിലും പെണ്‍കുട്ടിയുടെയോ, സ്ത്രീയുടെ ഫോട്ടോ അപ്ലോഡ് ചെയ്‌തോ ഇത്തരത്തില്‍ എഐ ഗേള്‍ഫ്രണ്ടിനെ ആപ്പ് വഴി സൃഷ്ടിക്കാവുന്നതാണ്. ശേഷം ലൈംഗികവൈകൃതങ്ങളുള്ള ദൃശ്യങ്ങളും സൃഷ്ടിക്കാം. ലൈംഗികമായ ആക്രമണോത്സുകത സാധാരണമാണ് എന്ന ചിന്തയിലേയ്ക്ക് ഇത് എത്തിക്കും. പെണ്‍കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാനുള്ളതാണ് എന്ന അപകടരമായ ചിന്തയും ഇതോടൊപ്പം വളരുന്നു.

എക്‌സ്, ടിക്ടോക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ടിവി, ബ്രൗസറുകള്‍ തുടങ്ങി പല ആപ്പുകളിലും എഐ ഗേള്‍ഫ്രണ്ട് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട് എന്നതിനാല്‍, കുട്ടികള്‍ക്ക് ഇവ എളുപ്പത്തില്‍ ലഭ്യമാകുന്ന സ്ഥിതിയുമുണ്ട്.

2020-ലെ നിയമമനുസരിച്ച് അയര്‍ലണ്ടില്‍ ഏതെങ്കിലും യഥാര്‍ത്ഥ വ്യക്തിയുടെ ദൃശ്യം ഇത്തരത്തില്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുന്ന ശിക്ഷാര്‍ഹമാണ്. ഇത്തരം ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയുടെ ഉടമകള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുകയാണ് ഇതിനുള്ള പ്രധാന പരിഹാരങ്ങളിലൊന്ന് എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply