അംഗീകാരമില്ലാത്ത തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്തവരുടെ ബുക്കിങ് റദ്ദാക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി (RSA). അയര്‍ലണ്ടിലെ ചില വെബ്‌സൈറ്റുകളും ആപ്പുകളും വിവിധ ടെസ്റ്റിങ് കേന്ദ്രങ്ങളിലെ ഒഴിവുള്ള സ്ലോട്ടുകള്‍ കണ്ടെത്തി ലേണര്‍മാര്‍ക്ക് ടെസ്റ്റ് ബുക്ക് ചെയ്ത് നല്‍കാന്‍ സഹായിക്കാറുണ്ട്. നീണ്ട കാത്തിരിപ്പില്ലാത്ത സ്ലോട്ട് ലഭിക്കുന്ന ഈ ബുക്കിങ് രീതിക്ക് പക്ഷേ അധികൃതരുടെ അംഗീകാരമില്ല. രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമാണ് ഈ ആപ്പുകള്‍ മുതലെടുക്കുന്നത്.
റോഡ് സേഫ്റ്റി അതോറിറ്റി വെബ്‌സൈറ്റില്‍ നിന്നല്ലാതെ ബുക്ക് ചെയ്താല്‍ 18 ഇരട്ടി വേഗത്തില്‍ ബുക്കിങ് ലഭ്യമാക്കുമെന്ന് പല ആപ്പുകളും സോഷ്യൽ മീഡിയ വഴിയും മറ്റും പരസ്യം നല്‍കിവരുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരു ആപ്പ് അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാന്‍ 14.99 യൂറോ ഈടാക്കുമ്പോള്‍, മറ്റൊരു ആപ്പ് 95 യൂറോ ആണ് ചോദിക്കുന്നത്. അഞ്ച് ലൊക്കേഷനുകളിലെ സ്ലോട്ട് ഒഴിവുകള്‍ ഒരേസമയം അറിയാനും, അലേര്‍ട്ട് നല്‍കാനുമായി ആഴ്ചയില്‍ 9.99 യൂറോ ഈടാക്കുന്ന മറ്റൊരു ആപ്പും പ്രവര്‍ത്തിച്ചുവരുന്നു. മറ്റുള്ളവർ ക്യാൻസൽ ചെയ്യുന്ന അപ്പോയിന്റ്മെന്റ് വിവരങ്ങളാണ് ഇത്തരത്തിൽ അറിയിക്കുന്നത്.
ഇത്തരം ആപ്പുകളെയും, വെബ്‌സൈറ്റുകളെയും നിരോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, ഇവ വഴി ബുക്ക് ചെയ്യുന്നവരുടെ ബുക്കിങ് റദ്ദാക്കുമെന്നും RSA ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബ്രെന്‍ഡന്‍ വാല്‍ഷ് ആണ് വ്യക്തമാക്കിയിരിക്കുന്നത്. RSA-യുടെ കീഴിലുള്ള MyRoadSafety പോര്‍ട്ടല്‍ വഴിയുള്ള ബുക്കിങ് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവ സുരക്ഷിതമല്ലെന്നും, നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയേക്കാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.




