അയര്‍ലണ്ടില്‍ പ്രളയസാധ്യത അവസാനിച്ചിട്ടില്ലെന്നും, ഈ വാരാന്ത്യം പെയ്യുന്ന മഴയില്‍ പലയിടത്തും പുഴ നിറഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി നാഷണല്‍ എമര്‍ജന്‍സി കോര്‍ഡിനേഷന്‍ ഗ്രൂപ്പ് (NECG). ചന്ദ്രാ കൊടുങ്കാറ്റിന് ശേഷമെത്തിയ ശക്തമായ മഴ പല കൗണ്ടികളിലും വെള്ളപ്പൊക്കത്തിനും, അനുബന്ധ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാലാവസ്ഥാ വകുപ്പിന് വീഴ്ച പറ്റിയത് മുന്‍കരുതലുകളെടുക്കുന്നതിന് തടസമാകുകയും ചെയ്തു.
വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കെ തന്നെ ഈ വാരാന്ത്യം പൊതുവെ വരണ്ട കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് പുഴയിലെ വെള്ളം ഇറങ്ങിപ്പോകാന്‍ സഹായകമായേക്കും. രാജ്യത്ത് നിലവിലുണ്ടായിരുന്ന എല്ലാ ജാഗ്രതാ മുന്നറിയിപ്പുകളും പിന്‍വലിച്ചിട്ടുമുണ്ട്.
അതേസമയം രാജ്യത്തെ കിഴക്ക്, തെക്കുകിഴക്ക്, വടക്കുകിഴക്ക് പ്രദേശങ്ങളിലെ വലിയ നദികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളം സാധാരണ ലെവലിനോട് അടുത്തിരിക്കുകയാണെന്നും NECG മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഇനിയും ഉയര്‍ന്നേക്കാം. കടലില്‍ തിരമാലകള്‍ ശക്തമാകുന്നതും പുഴവെള്ളം ഉയരുന്നതിലേയ്ക്ക് നയിക്കാം. അതിനാല്‍ ജനങ്ങള്‍ അതാത് പ്രദേശങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷക്കണമെന്നും, ഇതിനായി http://www.waterlevel.ieസന്ദര്‍ശിക്കാമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
നേരത്തെയുള്ള ശക്തമായ മഴയില്‍ നിലം നനഞ്ഞുകിടക്കുന്നത് കാരണമാണ് വീണ്ടുമെത്തുന്ന മഴ പ്രളയത്തിലേയ്ക്ക് നയിക്കുന്ന പ്രതിഭാസം രൂപപ്പെടുന്നത്.
അതേസമയം Carlow, Dublin, Kilkenny, Louth, Monaghan, Waterford, Wexford, Wicklow എന്നീ കൗണ്ടികളില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കുള്ള സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വീടുകള്‍, സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് പ്രളയത്തില്‍ നാശനഷ്ടം വന്നിട്ടുണ്ടെങ്കില്‍ അര്‍ഹരായവര്‍ക്ക് സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. മുന്‍കൂട്ടി കാണാത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കാണന് ഈ അടിയന്തരസഹായം ലഭിക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായി: http://gov.ie/FloodResponse




