അയര്‍ലണ്ടില്‍ ഈയാഴ്ചയും കാലാവസ്ഥാ പ്രക്ഷുബ്ധമാകും. ഏതാനും ദിവസമായി രാജ്യത്ത് തുടരുന്ന മഴ ഈയാഴ്ചയുമുണ്ടാകും. ഇടയ്ക്കിടെ ചാറ്റല്‍ മഴയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് (തിങ്കള്‍) രാവിലെ ആകാശം മേഘാവൃതമായിരിക്കും. മൂടല്‍മഞ്ഞും രൂപപ്പെട്ടിരിക്കും. പിന്നീട് വടക്കന്‍ പ്രദേശങ്ങളിലേയ്ക്ക് നീങ്ങുന്ന തരത്തിലുള്ള ചാറ്റല്‍ മഴ മിക്കവാറും ദിവസം മുഴുവനും തുടരും. 7 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനിലയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. രാത്രിയിലും പലയിടങ്ങളിലും ചാറ്റല്‍ മഴ പെയ്യും. രാത്രിസമയം 6 മുതല്‍ 3 ഡിഗ്രി വരെ താപനില താഴുകയും ചെയ്യും.
ചൊവ്വാഴ്ചയും മൂടിക്കെട്ടിയ കാലാവസ്ഥയും ചാറ്റല്‍ മഴയുമാണ് പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക പ്രദേശങ്ങളിലും മഴ ബാധിക്കും. മൂടല്‍മഞ്ഞും രൂപപ്പെടും. 7 മുതല്‍ 12 ഡിഗ്രി വരെയാകും പകല്‍ സമയത്തെ ഉയര്‍ന്ന താപനില.
ബുധനാഴ്ചയും കാലാവസ്ഥയില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. തുടരുന്ന ചാറ്റല്‍ മഴയില്‍ പരമാവധി 7-11 ഡിഗ്രി വരെയെ താപനില ഉയരുകയുള്ളൂ.
വ്യാഴാഴ്ച രാവിലെ മഴ പെയ്യുമെങ്കിലും പിന്നീട് അത്യാവശ്യം നല്ല വെയിലിന് ഇത് വഴിമാറും. വടക്കന്‍ പ്രദേശത്ത് മാത്രം ചെറിയ മഴ പെയ്‌തേക്കും. മറ്റ് ദിനങ്ങളില്‍ നിന്നും വ്യത്യസ്തമായി തണുപ്പ് വര്‍ദ്ധിക്കുകയും, 5 മുതല്‍ 7 ഡിഗ്രി വരെ മാത്രം താപനില ഉയരുകയും ചെയ്യും.
പിന്നീടുള്ള വാരാന്ത്യം തണുപ്പ് വര്‍ദ്ധിക്കുമെങ്കിലും നല്ല വെയില്‍ വെയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ തീരപ്രദേശങ്ങളില്‍ മഞ്ഞ് പെയ്യാനും സാധ്യതയുണ്ട്. വാരാന്ത്യത്തില്‍ പ്രവചനാതീതമായ രീതിയില്‍ കാലാവസ്ഥ മാറിമറിയുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.




