ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശക്തമായ തണുപ്പും, മഞ്ഞുമൂടിയ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ഏതാനും ദിവസം നീണ്ട മഴയ്ക്ക് ശേഷമെത്തുന്ന മഞ്ഞ്, അന്തരീക്ഷ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ താഴാൻ കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അയർലണ്ടിലേക്ക് എത്തുന്ന ഒരു ആർട്ടിക് സ്ഫോടനം ആണ് ഇതിനു കാരണം. വെള്ളി, ശനി ദിവസങ്ങളിൽ തണുപ്പും കൊടുങ്കാറ്റും ഉണ്ടാകുമെന്നും, ഈ ദിവസങ്ങളിൽ താപനില -2 ഉം -3 ഉം ഡിഗ്രി വരെ താഴുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇന്ന് പൊതുവെ ആകാശം മൂടിക്കെട്ടിയ നിലയിൽ ആകും. രാവിലെയും ഉച്ചയ്ക്ക് ശേഷവും രാജ്യത്തുടനീളം വടക്കുകിഴക്ക് ദിശയിലേക്ക് ചാറ്റൽ മഴ ഉണ്ടാകും, അതോടൊപ്പം മൂടൽമഞ്ഞിനും സാധ്യതയുണ്ട്. 6 മുതൽ 12 ഡിഗ്രി വരെ ആകും ഉയർന്ന താപനില.
ബുധനാഴ്ചയും പൊതുവെ മങ്ങിയ കാലാവസ്ഥ ആണ് അനുഭവപ്പെടുക. രാവിലെ അൾസ്റ്റർ പ്രദേശത്താണ് കാര്യമായ മഴയ്ക്ക് സാധ്യത. മറ്റിടങ്ങളിൽ ചാറ്റൽ മഴയും, വെയിലും ലഭിക്കും. താപനില 5 മുതൽ 11 ഡിഗ്രി വരെയാണ് പ്രതീക്ഷിക്കുന്നത്.
വ്യാഴാഴ്ച പൊതുവെ മങ്ങിയതും ഈർപ്പമുള്ളതുമായ ദിവസമായിരിക്കും, മഴയും ചാറ്റൽ മഴയും പെയ്യുകയും, ആകാശം മേഘാവൃതമായിരിക്കുകയും ചെയ്യും. രാജ്യത്തിന്റെ തെക്കൻ പകുതിയിൽ 7 മുതൽ 10 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടുമ്പോൾ, വടക്കൻ പകുതിയിൽ ഇത് 3 മുതൽ 6 ഡിഗ്രി വരെ മാത്രമായിരിക്കും. ദിവസം മുഴുവൻ മിതമായ വടക്കൻ കാറ്റും വീശും. വ്യാഴാഴ്ച രാത്രിയോടെ മൈനസ് 3 ഡിഗ്രി വരെ താപനില താഴാം. മഞ്ഞുറയാനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച തണുത്ത കാലാവസ്ഥയ്ക്കൊപ്പം വെയിലെത്തും. വടക്കൻ പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയും ചാറ്റൽ മഴയും ഉണ്ടാകും. പരമാവധി താപനില 3 മുതൽ 6 ഡിഗ്രി വരെ ആകും.
ശനിയാഴ്ചയും മഞ്ഞും ഐസും ഉൾപ്പെടെ തണുത്ത കാലാവസ്ഥ തുടരും. 4 മുതൽ 7 ഡിഗ്രി വരെ ആകും ഉയർന്ന താപനില.




