മാറിമറിഞ്ഞ കാലാവസ്ഥയും വെള്ളപ്പൊക്കവും ജനജീവിതം ദുഷ്കരമാക്കിയ അയർലണ്ടിൽ വരും ദിവസങ്ങളിലും മഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം പുതിയ ജാഗ്രതാ നിർദ്ദേശങ്ങളൊന്നും നിലവിൽ പുറപ്പെടുവിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഇന്ന് (ഞായറാഴ്ച) രാജ്യത്ത് പൊതുവെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച മൊത്തത്തിൽ ഈർപ്പമുള്ള ദിവസമായിരിക്കും. ഒപ്പം കാറ്റും വീശാനും, ചാറ്റൽ മഴയ്ക്കും സാധ്യതയുണ്ട്. പിന്നീട് മഴ കുറയുന്നതോടെ വടക്കൻ പ്രദേശത്ത് നിന്നും വെയിൽ എത്തും. ഉയർന്ന താപനില 6 മുതൽ 10 ഡിഗ്രി സെഷ്യസ് വരെയായിരിക്കും, എന്നാൽ കാറ്റ് വടക്ക് ദിശയിലേക്ക് മാറുന്നതോടെ പിന്നീട് തണുപ്പ് കൂടും.
വടക്കും പടിഞ്ഞാറും ഒറ്റപ്പെട്ട ചില മഴകൾ ഒഴികെ, തിങ്കളാഴ്ച രാത്രിയിൽ ഭൂരിഭാഗവും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും, രാത്രിയിൽ കുറഞ്ഞ താപനില മൈനസ് 3-നും 1 ഡിഗ്രിക്കും ഇടയിലായിരിക്കും.
ചൊവ്വാഴ്ച മേഘങ്ങൾക്ക് കട്ടികൂടുകയും, തെക്കൻ കാറ്റ് ശക്തിപ്പെടുകയും ചെയ്യും. വൈകുന്നേരം വരെ ആകാശം മൂടിക്കെട്ടിയ നിലയിൽ നിൽക്കാനാണ് സാധ്യത. ഉയർന്ന താപനില 4 മുതൽ 7 ഡിഗ്രി വരെ പ്രതീക്ഷിക്കാം.
ബുധനാഴ്ച കാലാവസ്ഥ വീണ്ടും അസ്ഥിരമാകുമെന്നും, ആകാശം മേഘാവൃതമായി അതിരാവിലെ പടിഞ്ഞാറൻ പ്രദേശത്ത് മഴ പെയ്യുമെന്നും നിരീക്ഷകർ അറിയിച്ചു. വൈകുന്നേരത്തോടെ മഴ മാറ്റിടങ്ങളിലും വ്യാപകമാകും. ഉയർന്ന താപനില 4 മുതൽ 9 ഡിഗ്രി വരെയായിരിക്കും. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലും രാജ്യത്ത് മഴ തുടരുമെന്ന് തന്നെയാണ് നിലവിലെ സൂചനകൾ.




