ആദിമദ്ധ്യാന്തം ആവേശം നിറഞ്ഞ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിന് 253 റണ്‍സിന്റെ റണ്‍മല പടുത്തുയര്‍ത്തിയപ്പോള്‍, ഇത് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 246 റണ്‍സിന് ഏഴ് എന്ന സ്‌കോറിലെത്തിയപ്പോള്‍ കളി അവസാനിച്ചു.
സ്‌കോര്‍:
ഇന്ത്യ 253-7 (20 ഓവര്‍)
ഇംഗ്ലണ്ട് 246-7 (20 ഓവര്‍)
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയച്ചപ്പോള്‍, സൂപ്പര്‍ 8-ന് സമാനമായി ഓപ്പണര്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് കാണാന്‍ സാധിച്ചത്. 42 പന്ത് നേരിട്ട സഞ്ജു, ഏഴ് സിക്‌സും, എട്ട് ഫോറും പറത്തി 89 റണ്‍സ് നേടിയാണ് പുറത്തായത്. ഇഷാന്‍ കിഷന്‍ (18 പന്തില്‍ 39), ശിവം ദുബെ (25 പന്തില്‍ 43), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 27), തിലക് വര്‍മ്മ (7 പന്തില്‍ 21) എന്നിവരുടെ കൂടി ബലത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തി.
മറുപടി ബാറ്റിങ്ങില്‍ ജേക്കബ് ബെഥല്‍ ഇംഗ്ലണ്ടിനായി 48 പന്തില്‍ 105 റണ്‍സ് നേടി ഗംഭീര പ്രകടനം കാഴ്ച വച്ചെങ്കിലും, വിജയത്തിന് ഏഴ് റണ്‍സ് അകലെ കളി അവസാനിച്ചു.
സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ഞായറാഴ്ച ഗുജറാത്തിലെ അഹമ്മാദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.




