ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ്: അയർലൻഡിലുടനീളം നാളെ യെല്ലോ വാണിങ്, ഡോണഗലിൽ കനത്ത മഴയ്ക്ക് സാധ്യത

അയർലൻഡിൽ ഉടനീളം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ വിവിധയിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Met Éireann). നാളെ (വ്യാഴാഴ്ച) പുലർച്ചെ മുതൽ രാജ്യം കനത്ത കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ശക്തമായ കാറ്റ് യാത്രാ തടസ്സങ്ങൾക്കും മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്നതിനും കാരണമായേക്കാം. അയർലൻഡിലുടനീളം വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് യെല്ലോ വിൻഡ് വാണിങ് നൽകിയിട്ടുള്ളത്.

ഇതിന് പുറമെ കൗണ്ടി ഡൊണഗലിൽ (Donegal) കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വെള്ളിയാഴ്ച രാവിലെ 6 മണി വരെയാണ് ഇവിടെ യെല്ലോ റെയിൻ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ പ്രാദേശികമായ വെള്ളപ്പൊക്കത്തിനും, കാഴ്ച പരിധി കുറയുന്നതിനും ഇടയാക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റോഡുകളിൽ അവശിഷ്ടങ്ങൾ വന്നു വീഴാനും വഴിതടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുള്ളതിനാൽ അത്യാവശ്യ യാത്രകൾ മാത്രം നടത്തുന്നതാണ് ഉചിതം.

നോർത്തേൺ അയർണ്ടിലും മുന്നറിയിപ്പ്

വടക്കൻ അയർലൻഡിലെ Antrim, Armagh, Down, Fermanagh, Tyrone, ഡെറി എന്നീ കൗണ്ടികളിലും യുകെ കാലാവസ്ഥാ ഓഫീസിന്റെ യെല്ലോ അലേർട്ട് നാളെ നിലവിൽ വരും. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഈ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടും. കനത്ത കാറ്റും മഴയും ഒരേസമയം വരുന്നത് വ്യാഴാഴ്ച രാവിലെ ഓഫീസ് യാത്രക്കാരെയും സ്കൂൾ ബസ്സുകളെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

Share this news

Leave a Reply