കോര്‍ക്ക് കൗണ്ടിയിലെ വീട്ടില്‍ 32-കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. Ballincollig-ലെ Innishmore Park-ലുള്ള വീട്ടിലാണ് കെല്ലി ക്രെമിന്‍ (Kelly Cremin) എന്ന സ്ത്രീയെ വ്യാഴാഴ്ച വൈകിട്ട് 5.30-ഓടെ സംശയാസ്പദകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയാണ് സംഭവം അധികൃതരെ അറിയിച്ചത്.
തുടര്‍ന്ന് വീട് സീല്‍ ചെയ്ത ഗാര്‍ഡ അന്വേഷണമാരംഭിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം അടക്കമുള്ളവയില്‍ വ്യക്തത ലഭിക്കുയുള്ളൂ.
പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍ ക്രെമിന്റെ കുടുംബത്തിന് അനുശോചനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കുന്ന ഗാര്‍ഡയ്ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് അധികൃതരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്ന് മുന്‍ കോര്‍ക്ക് മേയറും, കൗണ്‍സിലറും, പ്രദേശവാസിയുമായ കോം കെല്ലഹര്‍ (Colm Kelleher) അഭ്യര്‍ത്ഥിച്ചു.
വ്യാഴാഴ്ച വൈകിട്ട് 3 മണിക്കും 5.30-നും ഇടയില്‍ പ്രദേശത്ത് ഉണ്ടായിരുന്നവരില്‍ ആരെങ്കിലും സംഭവത്തിന് ദൃക്‌സാക്ഷിയായിട്ടുണ്ടെങ്കിലോ, ആര്‍ക്കെങ്കിലും സംഭവത്തിന്റെ സിസിടിവി, ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലോ, അന്വേഷണത്തിന് സഹായകമാകുന്ന മറ്റെന്തെങ്കിലും വിവരങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിലോ അവര്‍ താഴെ പറയുന്ന നമ്പറുകളിലോ, ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡയും അഭ്യര്‍ത്ഥിച്ചു:
Togher Garda Station – 021 4947120
Garda Confidential Line – 1800 666 111




