‘ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ അയർലണ്ടിലെ ഇന്ധന വില കല്ല് താഴേയ്ക്ക് വീഴും പോലെ കുറയും’: ട്രംപ്

അയര്‍ലണ്ടിലെ ഇന്ധനവില ഇറാന്‍ യുദ്ധം തീരുന്നതോടെ കുത്തനെ കുറയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സെന്റ് പാട്രിക്‌സ് ഡേ ദിനാഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസിലെത്തിയ ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാരംഭിച്ചതിന് പിന്നാലെയാണ് ലോകത്തെ പ്രധാന കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചത്. വലിയ തോതില്‍ ഇന്ധനം കൊണ്ടുവരുന്ന കപ്പലുകള്‍ പതിവായി ഉപയോഗിച്ചുവരുന്ന ജലപാതയാണിത്. ഇതോടെ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ധനവില കുത്തനെ ഉയരുകയും, ഇന്ത്യ പോലുള്ളയിടങ്ങളില്‍ ലഭ്യത കുറയുകയും ചെയ്തിരിക്കുകയാണ്.

വൈറ്റ് ഹൗസില്‍ മാര്‍ട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ, അയര്‍ലണ്ടില്‍ ഇന്ധനത്തിന് വലിയ വില നല്‍കേണ്ടിവരുന്ന ജനങ്ങളോട് എന്ത് സന്ദേശമാണ് നല്‍കാനുള്ളത് എന്ന ചോദ്യത്തോടുള്ള മറുപടിയായാണ് യുദ്ധം തീരുമ്പോള്‍ ‘കല്ല് താഴെ വീഴും പോലെ’ വില കുത്തനെ കുറയും എന്ന് ട്രംപ് പ്രതികരിച്ചത്.

‘ഞാന്‍ എന്തിനെയാണോ ഇല്ലാതാക്കുന്നത്, അത് സംബന്ധിച്ച് അയര്‍ലണ്ടിലെ ജനങ്ങള്‍ സന്തോഷവാന്മാരാണ് എന്ന് ഞാന്‍ കരുതുന്നു- എനിക്ക് അയര്‍ലണ്ടില്‍ ധാരാളം സുഹൃത്തുക്കളുണ്ട്, ഒരു ആണവശക്തിയെ, ആണവഭീകരവാദിയെ ഞാന്‍ ഇല്ലാതാക്കുന്നതില്‍ അവര്‍ വളരെ സന്തോഷവാന്മാരാണ്,’ ഇറാനെ ലക്ഷ്യമിട്ടുകൊണ്ട് ട്രംപ് പറഞ്ഞു.

‘യുദ്ധം അവസാനിക്കുന്നതോടെ, അത് [യുദ്ധം] വളരെ വേഗം തന്നെ അവസാനിക്കും, കല്ല് താഴെ വീഴും പോലെ [ഇന്ധന] വിലയും താഴേയ്ക്ക് പോകും. നിങ്ങള്‍ കണ്ടോളൂ.’ ട്രംപ് അവകാശപ്പെട്ടു.

അതേസമയം ഇറാനില്‍ നിന്നും പിന്‍വാങ്ങാന്‍ ഇതുവരെ തങ്ങള്‍ തയ്യാറായിട്ടില്ല എന്ന് കൂടിക്കാഴ്ചയില്‍ നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇപ്പോള്‍ തങ്ങള്‍ പിന്‍വാങ്ങിയാല്‍ ഇറാന്റെ പുനര്‍നിര്‍മ്മാണത്തിന് 10 വര്‍ഷം വേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, പിന്മാറ്റം വൈകാതെ തന്നെയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply