അയര്‍ലണ്ടിലെ അദ്ധ്യാപനരംഗത്തെ പോരായ്മകള്‍ വ്യക്തമാക്കിക്കൊണ്ട് പുതിയ സര്‍വേ. രാജ്യത്തെ മൂന്നിലൊന്ന് അദ്ധ്യാപകരും മെച്ചപ്പെട്ട ജോലിസാധ്യതയ്ക്കായി വേറെ രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നതാണ് നല്ലതെന്ന് കരുതുന്നുവെന്നാണ് ടീച്ചേഴ്‌സ് യൂണിയന്‍ അയര്‍ലണ്ട് (TUI) നടത്തിയ പുതിയ സര്‍വേയില്‍ വ്യക്തമായിരിക്കുന്നത്. മാര്‍ച്ച് ആദ്യം സംഘടനയിലെ 1,021 അംഗങ്ങളെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.
2009-ല്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പില്‍മാര്‍, ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍മാര്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിങ്ങനെ പോസ്റ്റുകളിലേയ്ക്ക് അദ്ധ്യാപകരെ പ്രൊമോട്ട് ചെയ്ത് നിയമിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഒരു മൊറട്ടോറിയം സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍ പിന്നീടിതുവരെ ഈ പോസ്റ്റുകള്‍ പുനഃസ്ഥാപിക്കാത്തത് അദ്ധ്യാപകരുടെ മേല്‍ വലിയ ജോലിഭാരം സൃഷ്ടിക്കുന്നുവെന്നും, രാജ്യത്തെ അദ്ധ്യാപന ജോലിയില്‍ പ്രൊമോഷന്‍ സാധ്യതകള്‍ ഇല്ലാതാക്കിയിരിക്കുകയാണെന്നും യൂണിയന്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 6% പേരാണ് തങ്ങള്‍ അയര്‍ലണ്ട് വിട്ട് എപ്പോഴെങ്കിലും മറ്റ് രാജ്യങ്ങളില്‍ അദ്ധ്യാപനജോലി തേടി പോയേക്കും എന്ന് പ്രതികരിച്ചത്. അദ്ധ്യാപക നിയമനം, അദ്ധ്യാപകരെ ജോലിയില്‍ നിലനിര്‍ത്താനുള്ള നടപടികളുടെ ഇല്ലായ്മ എന്നിവ വിദ്യാര്‍ത്ഥികളുടെ പഠനത്തെ മോശമായി ബാധിക്കുന്നു എന്ന് പ്രതികരിച്ചവര്‍ 77% ആണ്. 2013-ല്‍ അവതരിപ്പിച്ച കരിയര്‍ ആവറേജ് പെന്‍ഷന്‍ പദ്ധതി അദ്ധ്യാപകരെ ജോലിയില്‍ പിടിച്ചുനിര്‍ത്താന്‍ പര്യാപതമല്ലെന്ന് 65% പേരും പ്രതികരിച്ചിട്ടുണ്ട്.
ഇതിനുപുറമെ 63% പേരും വിശ്വസിക്കുന്നത് തങ്ങളുടെ സ്‌കൂളുകളില്‍ ആവശ്യത്തിന് അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍മാര്‍ ഇല്ല എന്നാണ്. ഇത്തരത്തില്‍ കൂടുതല്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍മാര്‍ ഉണ്ടായിരുന്നെങ്കില്‍ പ്രൊമോഷന്‍ സാധ്യതയുണ്ടെന്ന് കണ്ട് തങ്ങള്‍ ഇതേ ജോലിയില്‍ തന്നെ തുടര്‍ന്നേനെ എന്ന് 43% പേരും പ്രതികരിച്ചു.
ഈ സാഹചര്യത്തില്‍ പോസ്റ്റുകള്‍ പുനഃസ്ഥാപിക്കുക എന്നത് അനിവാര്യമാണെന്നാണ് സര്‍വേയെ മുന്‍നിര്‍ത്തിക്കൊണ്ട് സംഘടന പറയുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments