രാജ്യത്തെ നാഷണല്‍ ആംബുലന്‍സ് സര്‍വീസിന് (NAS) കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ സമരത്തിലേയ്ക്ക്. തൊഴിലാളിസംഘടനയായ SIPTU-വില്‍ അംഗങ്ങളായവരാണ് തങ്ങള്‍ അടുത്ത മാസം പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി NAS-നെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച NAS-ലെ 2,000 SIPTU അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ബഹുഭൂരിപക്ഷം പേരും സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.
മെയ് 12-ന് 24 മണിക്കൂര്‍ പണിമുടക്ക്, ശേഷം മെയ് 19-ന് ആരംഭിക്കുന്ന 48 മണിക്കൂര്‍ പണിമുടക്ക്, മെയ് 26-ന് ആരംഭിക്കുന്ന 72 മണിക്കൂര്‍ പണിമുടക്ക് എന്നിങ്ങനെയാണ് സമരം പദ്ധതിയിട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ ജൂണിലും സമരം തുടരുമെന്ന് സംഘടന അറിയിച്ചു.
NAS-ലെ ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിച്ചതിനനുസരിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള സ്വതന്ത്ര നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ HSE വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സമരം. 2020 മെയ് മാസത്തിലാണ് Independent Review of Roles and Responsibilities റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെങ്കിലും ഇതിലെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നപ്പിലാക്കാന്‍ HSE തയ്യാറായില്ലെന്ന് SIPTU ആരോപിക്കുന്നു. NAS-ല്‍ ജോലി ചെയ്യുന്ന Emergency Medical Technicians (EMT), Paramedics, Advanced Paramedics, Specialist Paramedics, Paramedic Supervisors എന്നിവരെ ബാധിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്.
വെറുതെ രോഗികളെ ആശുപത്രിയില്‍ എത്തിക്കുക മാത്രമല്ല, അതിന് മുന്നോടിയായി പലപ്പോഴും ജീവന്‍രക്ഷാ ചികിത്സയും തങ്ങള്‍ നല്‍കാറുണ്ടെന്ന് ആംബുലന്‍സ് ജീവനക്കാര്‍ പറയുന്നു. ഇതിനായി പ്രത്യേക പരിശീലനം ആവശ്യമാണ്. പല പ്രതികൂല സാഹചര്യങ്ങളിലുമാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കിയ സംഘടനാ പ്രതിനിധികള്‍, NAS-നെ കൂടുതല്‍ പ്രൊഫഷണല്‍ ആക്കാനും, ആധുനികവല്‍ക്കരിക്കാനും HSE മറന്ന സാഹചര്യത്തില്‍ സമരമല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും വ്യക്തമാക്കി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments