ടിപ്പററിയിലെ റോഡരികിൽ വച്ച് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന സ്കാർലറ്റ് ഫോക്നർ മരിച്ചു

By Rose Malayalam Desk

കഴിഞ്ഞ മാസം കൗണ്ടി ടിപ്പററിയിലെ ബേർഡ്ഹില്ലിന് സമീപം വച്ച് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സ്കാർലറ്റ് ഫോക്നർ (29) മരിച്ചു. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഫോക്നറുടെ ജീവൻ നിലനിർത്തിയിരുന്നത്. വിദഗ്ധ ഡോക്ടർമാർ അനുമതി നൽകുകയും, കുടുംബാംഗങ്ങൾ സമ്മതിക്കുകയും ചെയ്തതോടെ ഞായറാഴ്ച ഉപകരണങ്ങൾ നീക്കം ചെയ്യുകയായിരുന്നു. കൗണ്ടി ലിമെറിക്കിലെ ലോംഗ്‌പേവ്‌മെന്റ് സ്വദേശിയായ ഫോക്ക്നർക്ക് ഒരു കുഞ്ഞുണ്ട്.

മാർച്ച് 21-ന് റോഡരികിൽ വെച്ചാണ് ഫോക്നർ ആക്രമിക്കപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാനിനെ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ 16 വയസുള്ള പെൺകുട്ടിയും 40-കാരിയായ സ്ത്രീയും പിടിച്ചുപറിക്കിടെ ആക്രമണം നടത്തുകയായിരുന്നു എന്നാണ് നിഗമനം. ഫോക്നറുടെ തലയ്ക്ക് 16-കാരി പലവട്ടം ഇരുമ്പ്ദണ്ഡ് കൊണ്ട് അടിച്ചതാണ് ഗുരുതര പരിക്കിന് കാരണമായത്.

സംഭവത്തിൽ പ്രതികളായ ഇരുവരെയും ഏപ്രിൽ 23-ന് കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments