ഇന്ന് അർദ്ധരാത്രി മുതൽ അയർലണ്ടിൽ പെട്രോൾ, ഡീസൽ വില എത്രയായി കുറയും?

By Rose Malayalam Desk

ഇന്ധന വില പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഡീസൽ, പെട്രോൾ എന്നിവയുടെ എക്സൈസ് ഡ്യൂട്ടിയിൽ 10 സെന്റ് വീതവും, ഗ്രീൻ ഡീസലിന് (മാർക്ഡ് ഗ്യാസ് ഓയിൽ) 2.4 സെന്റും കുറവ് വരുത്തിയിരിക്കുകയാണ്. നേരത്തെ പ്രഖ്യാപിച്ച എക്സൈസ് ഡ്യൂട്ടി കുറവ് കൂടി ചേരുമ്പോൾ ഡീസലിന് 32 സെന്റ്, പെട്രോളിന് 27 സെന്റ് എന്നിങ്ങനെയും, ഗ്രീൻ ഡീസലിന് 7.4 സെന്റ് എന്നിങ്ങനെയും ആകെ കുറവ് സംഭവിക്കും എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ പുതിയ വില നിലവിൽ വരും എന്നും അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇന്ധന വിലയിൽ എത്ര കുറവ് സംഭവിക്കും എന്ന് നോക്കാം.

ഡബ്ലിനിലെ പ്രാന്തപ്രദേശമായ Cabra-യിലുള്ള സർക്കിൾ കെ പമ്പിൽ തിങ്കളാഴ്ച രാവിലെ ഒരു ലിറ്റർ ഡീസലിന് 2.18 യൂറോ ആണ് വില. പെട്രോളിന് 1.92 യൂറോയും. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന വിതരണക്കാരിൽ ഒന്നാണ് സർക്കിൾ കെ.

എന്നാൽ ഫെബ്രുവരി മാസത്തിൽ ഡീസൽ ലിറ്ററിന് 1.72 യൂറോ, പെട്രോൾ ലിറ്ററിന് 1.73 യൂറോ എന്നിങ്ങനെയായിരുന്നു രാജ്യത്തെ ശരാശരി വില. യുദ്ധം തുടങ്ങിയതിനു പിന്നാലെയാണ് വില ഇന്ന് കാണുന്ന തരത്തിൽ കുത്തനെ ഉയർന്നത്.

നിലവിലെ എക്സൈസ് ഡ്യൂട്ടി ഇളവുകൾ കൂടി ചേരുമ്പോൾ ഡബ്ലിൻ പ്രദേശങ്ങളിൽ വില ഡീസൽ ലിറ്ററിന് ശരാശരി 2.08 യൂറോ, പെട്രോൾ ലിറ്ററിന് ശരാശരി 1.82 യൂറോ എന്നിങ്ങനെ താഴും.

എന്നാൽ ഇറാൻ – യുഎസ് സമാധാന ചർച്ച പരാജയപ്പെടുകയും, ഹോർമുസ് കടലിടുക്കിൽ ഇറാനിലേയ്ക്കും, ഇറാനിൽ നിന്ന് പുറത്തേയ്ക്കും ഉള്ള കപ്പലുകൾ തടയുമെന്ന് യുഎസ് പ്രസിഡന്റ്‌ ഡോണാൾഡ് ട്രമ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ആഗോള എണ്ണ വില വീണ്ടും ഉയരും എന്ന ആശങ്ക ശക്തമാണ്. ഇത് അയർലണ്ടിലും പ്രതിഫലിക്കുന്നത് നിലവിൽ കുറയാൻ പോകുന്ന എണ്ണ വിലയെ വീണ്ടും കൂട്ടിയേക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments