അയര്‍ലണ്ടില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആംബുലന്‍സുകള്‍ എത്താന്‍ ഒരു മണിക്കൂറിലധികം വൈകുന്നുവെന്ന് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. The National Ambulance Service-ന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 3,500-ഓളം സംഭവങ്ങളില്‍ ആംബുലന്‍സിന് വേണ്ടി ആളുകള്‍ക്ക് ഒരു മണിക്കൂറിലധികം നേരമാണ് കാത്തിരിക്കേണ്ടിവന്നത്. ഒരു സംഭവത്തില്‍ ആംബുലന്‍സ് വിളിച്ച ശേഷം ഏഴ് മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടായി. മറ്റ് അഞ്ച് പേര്‍ക്ക് നാല് മണിക്കൂറിലധികം നേരമാണ് ആംബുലന്‍സിനായി കാത്തിരിക്കേണ്ടി വന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏറ്റവും അടിയന്തരമായി കണക്കാക്കപ്പെടുന്ന PURPLE level-ല്‍ പെട്ട 13 സംഭവങ്ങളില്‍ ഒരു മണിക്കൂറിലധികം നേരമാണ് ആളുകള്‍ ആംബുലന്‍സ് എത്താനായി കാത്തിരുന്നത്. RED വിഭാഗത്തില്‍ പെട്ട മറ്റ് 3,481 കേസുകളിലും ആളുകള്‍ക്ക് കുറഞ്ഞത് ഒരു മണിക്കൂര്‍ ആംബുലന്‍സ് എത്തിച്ചേരാന്‍ കാത്തിരിക്കേണ്ടതായി വന്നു.
ചില സംഭവങ്ങളില്‍ കോള്‍ വരുന്ന ഘട്ടത്തില്‍ സ്ഥിതി ഗുരുതരമല്ലെങ്കിലും രോഗിയുടെ സ്ഥിതി മോശമാകുന്നതോടെ ഇത് കാറ്റഗറി 1-ലേയ്ക്ക് മാറ്റേണ്ട സ്ഥിതി വരാറുണ്ടെന്നും NAS പറയുന്നു.
22 സംഭവങ്ങളില്‍ ആംബുലന്‍സ് എത്താനായി മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെയും, 136 സംഭവങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയും കാത്തിരിക്കേണ്ടി വന്നതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ടില്‍ NAS പറയുന്നു.
NAS-ന്റെ നയമനുസരിച്ച് റെഡ് സ്റ്റാറ്റസില്‍ വരുന്ന 45% കോളുകള്‍ക്കും, പര്‍പ്പിള്‍ സ്റ്റാറ്റസില്‍ വരുന്ന 75% കോളുകള്‍ക്കും 19 മിനിറ്റിനുള്ളില്‍ റെസ്‌പോണ്ട് ചെയ്യേണ്ടതാണ്. 2025-ല്‍ രാജ്യമെമ്പാടുമായി ലഭിച്ച പര്‍പ്പിള്‍ സ്റ്റാറ്റസ് കോളുകളില്‍ 71 ശതമാനത്തിലും ഈ സമയത്തിനുള്ളില്‍ റെസ്‌പോണ്ട് ചെയ്യാന്‍ NAS-ന് സാധിച്ചിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ ഇത് 62.5 ശതമാനത്തിലേയ്ക്ക് താഴ്ന്നു.
2025-ല്‍ റെഡ് സ്റ്റാറ്റസ് കോളുകളില്‍ 41 ശതമാനത്തിന് ഈ സമയത്തിനുള്ളില്‍ റെസ്‌പോണ്ട് ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലും ഡിസംബര്‍ മാസം ഇത് 37.4% ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നതാണ് ഇത്തരത്തില്‍ കൃത്യസമയത്ത് ആംബുലന്‍സിന് എത്തിപ്പെടാന്‍ സാധിക്കാത്തതിന് കാരണമായി NAS പറയുന്നത്. 2025-ല്‍ ആകെ 450,000 എമര്‍ജന്‍സി കോളുകളാണ് ലഭിച്ചിരുന്നതെന്നും, 2024-നെ അപേക്ഷിച്ച് 5% വര്‍ദ്ധനയാണിതെന്നും NAS പറയുന്നു.
പ്രായമായവരുടെ എണ്ണക്കൂടുതല്‍, വിവിധതരം രോഗങ്ങളുടെ വര്‍ദ്ധന എന്നിവയെല്ലാം ആംബുലന്‍സ് സേവനത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതായി NAS പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരുന്നത് കാരണം കൂടുതല്‍ ബജറ്റ്, ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍ മുതലായ നടപടികള്‍ തങ്ങള്‍ കൈക്കൊണ്ടതായും NAS പറയുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments