കേംബ്രിഡ്ജ് സർവകലാശാലയിലെ മുൻ പ്രൊഫസറും സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗ്ഗക്കാരൻ ആയ പ്രൊഫസർ ജേസൺ ആർഡേയെ (41) ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാറ്റർസിയിലെ വസതിയിൽ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ സ്ഥലത്തെത്തിയ എമർജൻസി സർവീസു ജീവനക്കാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മരണം അപ്രതീക്ഷിതമാണെങ്കിലും സംശയാസ്പദമല്ലെന്നാണ് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ല.എന്നാൽ മരണത്തിന് മുമ്പുള്ള ആഴ്ചകളിൽ ആർഡേ കടുത്ത പൊതുവിമർശനത്തിനും അക്കാദമിക് യോഗ്യതകളെക്കുറിച്ചുള്ള ആരോപണങ്ങൾക്കും മാധ്യമശ്രദ്ധയ്ക്കും വിധേയനായിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ 2015ലെ PhD പ്രബന്ധത്തിലെ ചില ഭാഗങ്ങളിൽ പ്ലെഗിരീസം നടന്നുവെന്ന ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. ആർഡേ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്ത വർഗ്ഗക്കാരൻ ആയ പ്രൊഫസർ എന്ന നിലയിൽ മാധ്യമശ്രദ്ധ നേടിയതോടെയാണ് ആർഡേ വംശീയ വിദ്വേഷത്തിനും പൊതു വിചാരണയ്ക്കും വിധേയനായത്. ആരോപണങ്ങളും വിചാരണയും ശക്തമായതോടുകൂടി അദ്ദേഹത്തിന്റെ PhD വീണ്ടും ലിവർപൂൾ യൂണിവേഴ്സിറ്റി പരിശോധിച്ചു. എന്നാൽ ആരോപണത്തിൽ പറയുന്നതുപോലെ യാതൊന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ ആൻഡേയ്ക്ക് അനുകൂലമായ റിപ്പോർട്ടാണ് ലിവർപൂൾ യൂണിവേഴ്സിറ്റി നൽകിയത്. ലിവർപൂൾ സർവകലാശാലയുടെ പരിശോധനയിൽ plagiarism ആരോപണം തെറ്റാണെന്ന് തെളിഞ്ഞിട്ടും വിവാദം അവിടെ അവസാനിച്ചില്ല.ആർഡേയുടെ അക്കാദമിക് പ്രസിദ്ധീകരണങ്ങൾ, തൊഴിൽപരമായ പശ്ചാത്തലം, CVയിലെ ചില അവകാശവാദങ്ങൾ എന്നിവയെക്കുറിച്ചും തുടർച്ചയായി പുതിയ ആരോപണങ്ങളും ചോദ്യങ്ങളും ഉയർന്നു. ചില മാധ്യമ അന്വേഷണങ്ങൾ ഗവേഷണത്തിലെ ഡാറ്റ, ഉദ്ധരണികൾ, മറ്റ് അക്കാദമിക് അവകാശവാദങ്ങൾ എന്നിവയിലും സംശയങ്ങൾ ഉന്നയിച്ചു. ഇതേ തുടർന്ന് കേബ്രിഡ്ജ് യൂണിവേഴ്സിറ്റി ആർഡേയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഈ കഴിഞ്ഞ ഓഗസ്റ്റ് 5ന് Cambridge University ആർഡേയുടെ നിയമനവും അക്കാദമിക് രേഖകളും സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. 2022ലെ അദ്ദേഹത്തിന്റെ നിയമനവും തുടർന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ സേവനവും പരിശോധിക്കുന്നതിനായിരുന്നു അന്വേഷണം.അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ആർഡേ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജോലിയിൽ നിന്ന് രാജിവച്ചു. രാജിക്കത്തിൽ തനിക്കെതിരായ തുടർച്ചയായ ആരോപണങ്ങളും പൊതുവിമർശനങ്ങളും തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കറുത്ത വർഗക്കാരനായ അക്കാദമിക് എന്ന നിലയിൽ ആർഡേ വംശീയത, അസമത്വം, വിദ്യാഭ്യാസരംഗത്തെ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുകയും സംസാരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ, വിമർശനത്തിന്റെയും മാധ്യമ വിചാരണയുടെയും പേരിൽ ഒരാൾക്ക് നേരിടേണ്ടിവന്ന സാമൂഹിക സമ്മർദ്ദത്തെക്കുറിച്ചും വംശീയതയുടെ സ്വാധീനത്തെക്കുറിച്ചും ബ്രിട്ടനിൽ പുതിയ ചർച്ചകൾ ഉയർന്നിട്ടുണ്ട്.ആർഡേയുടെ കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിനെതിരെ നടന്ന തുടർച്ചയായ അപവാദ പ്രചാരണവും ഉപദ്രവവും അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചിരുന്നുവെന്നും അതാണ് മരണത്തിന് കാരണമെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിട്ടുണ്ട്.
ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വം എന്നത് ഒരു വ്യക്തിയുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ സംശയമുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. തെറ്റുണ്ടെങ്കിൽ വിമർശിക്കാം. എന്നാൽ ഒരു വ്യക്തിയുടെ ചർമ്മനിറത്തെയും വംശീയ പശ്ചാത്തലത്തെയും അടിസ്ഥാനമാക്കി അധിക്ഷേപിക്കുകയോ, സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടിതമായ വിദ്വേഷത്തിന് ഇരയാക്കുകയോ ചെയ്യുന്നത് വിമർശനമല്ല — വംശീയതയാണ്.ജേസൺ ആർഡേയുടെ മരണം ബ്രിട്ടീഷ് അക്കാദമിക് മേഖലയോടും മാധ്യമങ്ങളോടും സമൂഹത്തോടും ഉയർത്തുന്ന ചോദ്യം അതുകൊണ്ട് വളരെ വലുതാണ്:.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments