അയര്‍ലണ്ട് നിലവില്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ജീവിതച്ചെലവ് വര്‍ദ്ധനയാണെന്ന് ജനങ്ങള്‍. രാജ്യത്ത് കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ യൂണിയന്റെ പ്രസിഡന്‍സി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ More in Common നടത്തിയ സര്‍വേയിലാണ് രാജ്യമനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഏതെല്ലാമെന്ന് ജനങ്ങളോട് ആരാഞ്ഞത്.
സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം ജനങ്ങളുടെയും അഭിപ്രായത്തില്‍ ജീവിതച്ചെലവിലുണ്ടായ വര്‍ദ്ധനയാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഭവനപ്രതിസന്ധി, കുടിയേറ്റപ്രശ്‌നം എന്നിവയാണ് പിന്നാലെ. സര്‍വേയില്‍ പങ്കെടുത്ത 66% പേരാണ് ജീവിതച്ചെലവ് വര്‍ദ്ധനയാണ് രാജ്യത്തെ പ്രധാന പ്രശ്‌നമെന്ന് പ്രതികരിച്ചത്. ഭവനപ്രതിസന്ധിയാണ് പ്രശ്‌നമെന്ന് പ്രതികരിച്ചത് 58% പേരും. കുടിയേറ്റ രംഗത്തെ പ്രശ്‌നം, ആരോഗ്യമേഖലയിലെ പ്രതിസന്ധി എന്നിവയും പ്രധാന പ്രശ്‌നങ്ങളായി ജനങ്ങള്‍ കരുതുന്നുണ്ട്. നിലവില്‍ രാജ്യത്ത് നടന്നുവരുന്ന ഇയു പ്രസിഡന്‍സി സമ്മേളനത്തില്‍ ഈ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ടെന്നും ജനങ്ങള്‍ പറയുന്നു. അയര്‍ലണ്ടിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ പലരും പറഞ്ഞത് ‘expensive’ എന്നാണ്.
അതേസമയം അയര്‍ലണ്ട്- യൂറോപ്യന്‍ യൂണിയന്‍ ബന്ധം (3%), പ്രതിരോധം (4%), ഉക്രെയിന്‍ യുദ്ധം (5%) മുതലായ രാഷ്ട്രീയപ്രശ്‌നങ്ങളാണ് പ്രധാനപ്പെട്ടതെന്ന് എന്ന് പ്രതികരിച്ചവരുടെ എണ്ണം കുറവാണ്.
യൂറോപ്യന്‍ യൂണിയനുമായാണോ, യുനൈറ്റഡ് സ്‌റ്റേറ്റ്‌സുമായാണോ അയര്‍ലണ്ട് കൂടുതല്‍ അടുപ്പം സ്ഥാപിക്കേണ്ടത് എന്ന ചോദ്യത്തിന് നാലില്‍ മൂന്ന് പേരും പ്രതികരിച്ചത് യൂറോപ്യന്‍ യൂണിയന്‍ എന്നാണ്. അതുപോലെ 61% പേരും അയര്‍ലണ്ടിന് ഇയുവുമായുള്ള ബന്ധം നല്ലതാണെന്നും പ്രതികരിച്ചു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലായി 4,300 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments