അയർലണ്ടിലെ പൊതുജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന്, ഈ മാസം നടക്കുന്ന 24 മണിക്കൂർ പണിമുടക്കിൽ രാജ്യവ്യാപകമായി സ്കൂളുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് അദ്ധ്യാപകർ. സ്കൂൾ സന്ദേശമയയ്ക്കൽ സംവിധാനമായ Aladdin വഴി അദ്ധ്യാപകർ ചില രക്ഷിതാക്കൾക്ക് അയച്ച അറിയിപ്പുകളിൽ, ജോലി നിർത്തിവെക്കൽ കാരണം ഒക്ടോബർ 14-ന് സ്കൂളുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്നും, കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ ഇത് സ്ഥിരീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ അധ്യാപകർ work-to-rule സമരത്തിൽ പങ്കുചേരാനിരിക്കുന്നതിനാൽ, സ്കൂൾ സമയത്തിന് പുറത്ത് ഔദ്യോഗിക രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ ക്രമീകരിക്കാൻ കഴിയില്ലെന്നും അറിയിപ്പുകളിൽ പറയുന്നു.
ചർച്ചകൾക്കുള്ള വാതിൽ തുറന്നുകിടക്കുന്നു എന്ന പബ്ലിക് എക്സ്പെൻഡിച്ചർ മന്ത്രി ജാക്ക് ചേമ്പേഴ്സിന്റെ വാക്കുകൾ സ്വാഗതം ചെയ്തെങ്കിലും, വ്യാഴാഴ്ച അയച്ച പബ്ലിക് സർവീസ് യൂണിയനുകളുടെ ചർച്ചാ സംഘങ്ങളുടെ കത്തിൽ, ചർച്ചകളുടെ തുടക്കത്തിൽ തന്നെ ജീവിതച്ചെലവ് സമ്മർദ്ദങ്ങൾ പരിഹരിക്കാനുള്ള യൂണിയനുകളുടെ ശ്രമങ്ങളെ നേരത്തെ ഉള്ള പ്രശ്‌നമായി ചിത്രീകരിക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.
“സാമ്പത്തിക രംഗത്തെ മറ്റ് പലരെയും പോലെ പൊതുമേഖലാ ജീവനക്കാരും സമീപ വർഷങ്ങളിൽ തങ്ങളുടെ വരുമാനം വിലക്കയറ്റത്തേക്കാൾ പിന്നിലാകുന്നത് കണ്ടവരാണ്, കൂടാതെ 2026-ൽ വീണ്ടും ഇതുകൊണ്ടുള്ള സമ്മർദങ്ങൾ നേരിടേണ്ടി വരുന്നുമുണ്ട്” – ഐസിടിയു (Ictu) പബ്ലിക് സർവീസസ് കമ്മിറ്റിയിലെ കെവിൻ കള്ളിനനും മറ്റ് യൂണിയൻ നേതാക്കളും സർക്കാരിന് അയച്ച കത്തിൽ പറയുന്നു. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) വഴിയോ മറ്റ് അനുരഞ്ജന പ്രക്രിയകൾ വഴിയോ ഉണ്ടാകുന്ന കരാറുകൾ ചേമ്പേഴ്സിന്റെ വകുപ്പ് വൈകിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്യാറുണ്ടെന്നതാണ് മിക്കവാറും എല്ലാ യൂണിയനുകളുടെയും അനുഭവമെന്നും കത്തിൽ പറയുന്നു.
ലോക അധ്യാപക ദിനം കൂടിയായ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 1 മണിക്കും ഇടയിൽ ഒരു മണിക്കൂർ ജോലി നിർത്തിവെച്ചുകൊണ്ട് 10 കോളേജുകളിലെ ജീവനക്കാരും ആദ്യ പണിമുടക്ക് സമരം നടത്താൻ ഒരുങ്ങുകയാണ്. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി, ട്രിനിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്സിറ്റി കോളേജ് കോർക്ക്, മെയ്നൂത്ത് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഗാൽവേ, മേരി ഇമ്മാക്കുലേറ്റ് കോളേജ്, എഡ്യൂക്കേഷണൽ റിസർച്ച് സെന്റർ, റോയൽ ഐറിഷ് അക്കാദമി, ഡബ്ലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന തേർഡ് ലെവൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഏകദേശം 180,000 പൊതുപ്രവർത്തകർക്കൊപ്പം ഇവിടങ്ങളിലെ അധ്യാപകരും തിങ്കളാഴ്ച സമരത്തിൽ ഏർപ്പെടും. നിസ്സഹകരണത്തിന്റെ ഭാഗമായി പ്രൈമറി, സെക്കൻഡറി സ്കൂൾ അധ്യാപകർ സാധാരണ സ്കൂൾ സമയത്തിന് പുറത്തുള്ള സമയങ്ങളിൽ രക്ഷിതാക്കളുമായുള്ള മീറ്റിംഗുകളിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്യും.
പുതിയ ശമ്പള കരാറിനെക്കുറിച്ച് പൊതുമേഖലാ യൂണിയൻ നേതാക്കളും സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ പ്രാഥമിക ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തർക്കം ഉടലെടുത്തത്. മുൻപത്തെ പൊതുമേഖലാ ശമ്പള കരാർ ജൂൺ അവസാനത്തോടെ അവസാനിച്ചിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments