രാജ്യത്ത് അധിക ബജറ്റ് ഉണ്ടായിട്ടും ജനങ്ങൾ കഷ്ടപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ്, പല പദ്ധതികളും സർക്കാർ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി

By Rose Malayalam Desk

ബജറ്റില്‍ അധികപണം ഉണ്ടായിട്ടും ജനങ്ങള്‍ വീടുകളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഷ്ടപ്പെടുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. വരുന്ന വസന്തകാല സാമ്പത്തിക പ്രവചനത്തില്‍ (Spring Economic Forecast) 9.2 ബില്യണ്‍ യൂറോയുടെ മിച്ച ബജറ്റാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ നടത്തിയ പ്രവചനത്തെക്കാള്‍ 4.1 ബില്യണ്‍ അധികമാണിത്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടന്ന ചോദ്യോത്തരവേളയിലാണ് കടുത്ത വിമര്‍ശനുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.

സര്‍ക്കാര്‍ അധികപണം കൈപ്പറ്റുകയാണ് എന്ന് ആരോപിച്ച മക്‌ഡൊണാള്‍ഡ്, മറുവശത്ത് ആളുകള്‍ ഹീറ്റിങ് ഓയില്‍ വാങ്ങാനും, വൈദ്യുതബില്‍ അടയ്ക്കാനും കഴിയാതെ കഷ്ടപ്പെടുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഒരുവശത്ത് അധികബജറ്റ് എന്നതും, മറുവശത്ത് അടുപ്പ് പുകയാത്ത വീടുകള്‍ എന്നതുമായ രണ്ട് യാഥാര്‍ത്ഥ്യങ്ങളാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും അവര്‍ വിമര്‍ശനമുയര്‍ത്തി.

ഊര്‍ജ്ജവില തീവ്രമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കുറയുകയല്ല. മന്ത്രിമാര്‍ ഇവിടെ വെറും കാഴ്ചക്കാരാകുന്നു, ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല- മക്‌ഡൊണാള്‍ഡ് പറഞ്ഞു.

അതേസമയം ലോകത്തെ എല്ലാ രാജ്യങ്ങളും സമാനമായ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്നും, സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ഇവിടെ കൈക്കൊണ്ടിട്ടുണ്ടെന്നും വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. മിച്ചബജറ്റ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഖജനാവില്‍ ഏകദേശം 1.8 ബില്യണ്‍ യൂറോയുടെ ധനക്കമ്മി ഉണ്ടെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. ഖജനാവിലെ പണം ജനങ്ങള്‍ക്ക് വേണ്ടിയും, പാര്‍പ്പിടം, ഊര്‍ജ്ജം, അടിസ്ഥാനസൗകര്യ വികസനം മുതലായ നിക്ഷേപങ്ങളിലേയ്ക്കും മാറ്റുന്നതിനാലാണ് ഇതെന്നും, അല്ലാതെ ചെലവാക്കാന്‍ അധികപണം ഇല്ലെന്നും മാര്‍ട്ടിന്‍ പ്രതികരിച്ചു. നിക്ഷേപം നടത്തിയിരിക്കുന്ന ഈ പദ്ധതികളെല്ലാം നിര്‍ത്തിവയ്ക്കണമെന്നാണോ ഉദ്ദേശിക്കുന്നത് എന്നും പ്രധാനമന്ത്രി ചോദ്യമുയര്‍ത്തി. രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുവരുന്ന ഊര്‍ജ്ജപ്രതിസന്ധി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും, അത് കുറച്ച് പണിയുള്ള കാര്യമാണെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് മറുപടിയായി പാര്‍പ്പിടം, അടിസ്ഥാനസൗകര്യവികസനം എന്നിവയിലെല്ലാം സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും, കുടുംബങ്ങള്‍ കഷ്ടപ്പെടുകയാണെന്നും പറഞ്ഞ മക്‌ഡൊണാള്‍ഡ് സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ ഒന്നിനും കാത്തുനിന്നിട്ടില്ലെന്നും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജീവിതച്ചെലവ് കുറയ്ക്കാനായി പല പ്രധാന പദ്ധതികളും സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മാര്‍ട്ടിന്‍ മറുപടി നല്‍കി. സെക്കന്‍ഡ് ലെവല്‍ സ്‌കൂള്‍ പുസ്തകങ്ങള്‍, സൗജന്യ സ്‌കൂള്‍ ഭക്ഷണം, നാഷണല്‍ ചൈല്‍ഡ് കെയര്‍ സ്‌കീം, ഇന്ധന അലവന്‍സ് വിപുലീകരിക്കുക എന്നിവ അതില്‍ ചിലതാണെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments