ഐറിഷ് സർക്കാരിന്റെ വാടക പരിഷ്കാരങ്ങൾ തിരിച്ചടിയായത് വാടകക്കാർക്ക്; വാടക നിരക്കുകൾ കുത്തനെ ഉയർന്നു

By Rose Malayalam Desk

രാജ്യത്തെ വാടകമേഖലയില്‍ സര്‍ക്കാര്‍ ഈ വര്‍ഷമാദ്യം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ക്ക് ശേഷവും വീട്ടുവാടക കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. 2025-ല്‍ ആകെയുണ്ടായ അത്രയും വര്‍ദ്ധന, 2025 ഡിസംബര്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള നാല് മാസത്തിനിടെ (4.4% വര്‍ദ്ധന) ഉണ്ടായെന്നും പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കണക്കുകള്‍ പ്രകാരം രാജ്യത്ത് 2026 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഒരു ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് നല്‍കേണ്ടിവരുന്ന മാസവാടക ശരാശരി 2,176 യൂറോ ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.8% അധികമാണിത്. ഡബ്ലിന്‍ സിറ്റിയില്‍ ഇത് 2,828 യൂറോയും, ഗോള്‍വേയില്‍ 2,309 യൂറോയും ആയിരുന്നു.

2,103 യൂറോ ആണ് കോര്‍ക്ക് സിറ്റിയിലെ ശരാശരി മാസവാടക. ലിമറിക്ക് സിറ്റിയില്‍ ഇത് 1,900 യൂറോയും, വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ 1,490 യൂറോയുമാണ്.

കോവിഡിന് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് രാജ്യത്തെ വാടകനിരക്ക് 40% അധികമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 10 വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 81% ആണ് നിരക്ക് വര്‍ദ്ധന. കോവിഡിന് ശേഷം രാജ്യത്ത് പലയിടത്തും പക്ഷേ പല രീതിയിലാണ് വാടകനിരക്ക് വര്‍ദ്ധന ഉണ്ടായിട്ടുള്ളത്. ഡബ്ലിനില്‍ വാടക 23% വര്‍ദ്ധിച്ചപ്പോള്‍, കൊണാക്ട്- അള്‍സ്റ്റര്‍ പ്രദേശങ്ങളില്‍ 86% ആണ് വര്‍ദ്ധന.

സര്‍ക്കാര്‍ കൊണ്ടുവന്ന ‘മാര്‍ക്കറ്റ് റെന്റ് റീസെറ്റ്’ ആണ് നിലവിലെ വാടകനിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായിരിക്കുന്നത്. ഈയിടെ നിലവില്‍ വന്ന നിയമപ്രകാരം പുതിയ വാടകക്കാര്‍ വരികയാണെങ്കില്‍ വീട്ടുടമയ്ക്ക് നിലവില്‍ വിപണിയിലുള്ള ഏറ്റവുമുയര്‍ന്ന വാടക ഈടാക്കാം. വീട്ടുടമകള്‍ വ്യാപകമായി ഇത് ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത് വാടക ഉയരാന്‍ കാരണമായി. ഉടമകളെ പ്രോത്സാഹിപ്പിക്കുക വഴി വിപണിയില്‍ വാടക വീടുകള്‍ കുറയുന്നത് പരിഹരിക്കാനായാണ് സര്‍ക്കാര്‍ ഈ നിയമം നടപ്പിലാക്കിയതെങ്കിലും ഇത് വാടക വീടുകളെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം രാജ്യത്ത് വാടകയ്ക്ക് നല്‍കാനുള്ള വീടുകളുടെ എണ്ണവും ചെറുതായി വര്‍ദ്ധിച്ചിട്ടുണ്ട്. മെയ് 1-ലെ കണക്ക് പ്രകാരം രാജ്യമെമ്പാടുമായി 2,500 വീടുകളാണ് വാടകയ്ക്ക് കൊടുക്കാനുള്ളത്. ഒരു വര്‍ഷം മുമ്പ് ഇത് 2,300 ആയിരുന്നു. എന്നാല്‍ മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് 40% അധികമാണിത്. പക്ഷേ ഇതില്‍ മിക്കതും ഡബ്ലിന് പുറത്താണ് എന്നതിനാല്‍ ഡബ്ലിനില്‍ വാടകവീടുകളുടെ ദൗര്‍ലഭ്യത ഇപ്പോഴും ഒരു പ്രശ്‌നമായി തുടരുകയാണ്. രാജ്യത്ത് ആകെയുള്ള വാടകവീടുകളുടെ എണ്ണവും ആവശ്യത്തിന് തികയുമെന്ന് പറയാന്‍ സാധിക്കുന്നതല്ല.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments