അയർലണ്ടിൽ റെക്കോർഡ് എണ്ണം വാടക കരാർ നിർത്തലാക്കൽ നോട്ടീസുകൾ നൽകി വീട്ടുടമകൾ; മൂന്ന് മാസത്തിനിടെ നൽകിയത് 7,000-ലധികം നോട്ടീസുകൾ

By Rose Malayalam Desk

2026-ന്റെ ആദ്യ പാദത്തില്‍ (ജനുവരി,ഫെബ്രുവരി,മാര്‍ച്ച്) റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡിന് (RTB) ലഭിച്ചത് 7,062 ടെര്‍മിനേഷന്‍ നോട്ടീസുകള്‍. ചരിത്രത്തിലാദ്യമായാണ് വാടകക്കരാര്‍ നിര്‍ത്തലാക്കുന്ന ഇത്രയധികം നോട്ടീസുകള്‍ അധികൃതര്‍ക്ക് ലഭിക്കുന്നത്. 2025-ലെ ആദ്യ പാദത്തെ അപേക്ഷിച്ച് 51% അധികവുമാണിത്.

ജനുവരി മാസത്തില്‍ 1,998, ഫെബ്രുവരിയില്‍ 3,138, മാര്‍ച്ചില്‍ 1,926 എന്നിങ്ങനെയാണ് ടെര്‍മിനേഷന്‍ നോട്ടീസുകള്‍ ലഭിച്ചതെന്ന് RTB അറിയിച്ചു. ആകെ ലഭിച്ച നോട്ടീസുകളില്‍ 4,529 എണ്ണത്തിലും ഉടമ കരാര്‍ നിര്‍ത്തലാക്കുന്നതിന് കാരണം പറഞ്ഞിരിക്കുന്നത് വീട് വില്‍ക്കാന്‍ പോകുന്നു എന്നാണ്.

അതേസമയം ഫെബ്രുവരി മാസത്തില്‍ ലഭിച്ച ഉയര്‍ന്ന നിരക്കിന് ശേഷം നോട്ടീസുകള്‍ നല്‍കുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് RTB ഡയറക്ടറായ റോസ്‌മേരി സ്റ്റീന്‍ പറയുന്നത്.

മറുവശത്ത് സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ ഫലം കാണുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ദി ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷനും പറഞ്ഞു. സര്‍ക്കാരിന്റെ റെസിഡെന്‍ഷ്യല്‍ ടെനന്‍സീസ് ബില്‍ സ്വകാര്യ വാടക മേഖലയില്‍ അസ്ഥിര സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച അസോസിയേഷന്‍, ഇത് വീട്ടുടമകളെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതാണെന്ന് തങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. വാടക വീടുകള്‍ക്ക് വളരെയധികം ആവശ്യക്കാര്‍ ഉള്ള സമയത്ത് വീടുകളുടെ എണ്ണം കുറയുന്നത് കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

അതേസമയം 2026-ലെ ആദ്യ പാദത്തില്‍ RTB-യില്‍ രജിസ്റ്റര്‍ ചെയ്ത വാടകക്കാരുടെയും, വാടക വീട്ടുടമകളുടെയും എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 2025-ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാടകക്കാരുടെ എണ്ണം 2.4% വര്‍ദ്ധിച്ച് 246,477 ആയിട്ടുണ്ട്. ഇതില്‍ 5,226 എണ്ണം കോസ്റ്റ് റെന്റല്‍ ടെനന്‍സീസ് ആണ്. ഇതാകട്ടെ ഒരു വര്‍ഷത്തിനിടെ 87% ആണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. സ്വകാര്യ വീട്ടുടമകളുടെ എണ്ണവും ഒരു വര്‍ഷത്തിനിടെ 1.3% വര്‍ദ്ധിച്ച് 105,847 ആയിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments