വധശ്രമക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷത്തോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അയർലൻഡ് മലയാളിയായ പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. കണ്ണൂർ സിറ്റി പൊലീസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ ഗ്രിപ്പ്’ എന്ന പ്രത്യേക ദൗത്യത്തിലൂടെയാണ് അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ (51) തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ കണ്ണൂർ ടൗണിൽ വെച്ച് അറസ്റ്റിലായത്. പോലീസിന്റെ കണ്ണ് വെട്ടിച്ച് വർഷങ്ങളായി അയർലണ്ടിൽ താമസിച്ചു വരികയായിരുന്നു ഫസൽ.
1997 ജനുവരി 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഴീക്കോട് മീൻകുന്ന് ലൈറ്റ് ഹൗസിന് സമീപം വെച്ച് അഴീക്കോട് സ്വദേശി സുനിൽ കുമാറിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഫസൽ.സംഭവത്തിന് പിന്നാലെ വളപട്ടണം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചയുടൻ ഫസൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളോളം ഇയാൾ വിചാരണ കോടതിയിൽ ഹാജരാകാതിരുന്നതോടെ 2002-ൽ കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വർഷങ്ങളോളം ദുബായിൽ കഴിഞ്ഞ ഇയാൾ പിന്നീട് പോളണ്ടിലേക്കും, തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി അയർലണ്ടിലുമായി ജോലി ചെയ്തു വരികയായിരുന്നു. പോളണ്ടിൽ നിന്നാണ് ഫസൽ അയർലണ്ടിലെത്തിയത്.
വർഷങ്ങളായി ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളികളെ പിടികൂടാൻ കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഐപിഎസ് നൽകിയ നിർദ്ദേശപ്രകാരം, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതിയും കുടുംബവും സംഭവം നടന്ന കാലയളവിൽ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് മാറിയതായി കണ്ടെത്തി. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായെങ്കിലും ശാസ്ത്രീയവും രഹസ്യവുമായ നീക്കങ്ങളിലൂടെ പൊലീസ് സംഘം പ്രതിയുടെ പുതിയ താമസസ്ഥലവും ഇയാൾ വർഷങ്ങളായി വിദേശത്താണെന്ന വിവരവും ഇപ്പോൾ അയർലൻഡിലാണ് താമസിക്കുന്നത് എന്ന വിവരവും ശേഖരിച്ചു.
രഹസ്യാന്വേഷണത്തിനിടെ ഫസൽ അയർലണ്ടിൽ നിന്ന് നാട്ടിലേക്ക് വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതോടെ വിമാനത്താവളങ്ങളിലും കണ്ണൂർ നഗരത്തിലും നിരീക്ഷണം ശക്തമാക്കി. തുടർന്ന് അയർലണ്ടിൽ നിന്ന് നാട്ടിലെത്തിയ ഫസലിനെ കണ്ണൂർ ടൗണിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം തന്ത്രപരമായി വളഞ്ഞ് പിടികൂടുകയായിരുന്നു.കണ്ണൂർ എസിപി ആസാദ്, വളപട്ടണം സിഐ വിജേഷ്, എസ്ഐ വിപിൻ, സിറ്റി കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ എസ്ഐ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് 29 വർഷം നീണ്ട ഒളിവുജീവിതത്തിന് അറുതിവരുത്തി പ്രതിയെ കുടുക്കിയത്.

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments