അപ്രതീക്ഷിതമായി പെരുമഴ; കില്ലാർണിയിൽ വെള്ളപ്പൊക്കത്തിൽ ജനങ്ങൾ ദുരിതത്തിൽ

By Rose Malayalam Desk

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കില്ലാർണി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ മിന്നൽവെള്ളപ്പൊക്കം. വ്യാഴാഴ്ച വൈകിട്ട് 7നും 8നും ഇടയിൽ മാത്രം ഏകദേശം 30 മില്ലിമീറ്റർ മഴ ലഭിച്ചതോടെ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ താങ്ങാനാകാതെ വരികയായിരുന്നു. നാല് മണിക്കൂറിനിടെ മക്റോസ് ഹൗസ് കാലാവസ്ഥാ കേന്ദ്രത്തിൽ 57 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

വെള്ളപ്പൊക്കത്തെ തുടർന്ന് പ്രധാന റോഡുകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. N71 മക്റോസ് റോഡും N22 കോർക്ക്–കില്ലാർണി റോഡും ഉൾപ്പെടെ നിരവധി പ്രധാന പാതകൾ താൽക്കാലികമായി വെള്ളത്തിനടിയിലായി. ചില വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഫയർ സർവീസ് ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തി. വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി സാധനങ്ങൾക്കും സ്വത്തുക്കൾക്കും നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

കില്ലാർണിയിൽ ഒരു തലമുറയ്ക്കിടയിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമായിരുന്നുവെന്നാണ് മേയർ ജോൺ ഒ’ഡോണഗ്യൂ പ്രതികരിച്ചത്. മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ മഴ ശക്തമായതോടെ നഗരം വെള്ളത്തിനടിയിലായെന്നും അധികൃതർ വ്യക്തമാക്കി.കെറി കൗണ്ടി കൗൺസിൽ, ഫയർ സർവീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്യുന്നതും റോഡുകൾ വൃത്തിയാക്കുന്നതും ഉൾപ്പെടെയുള്ള അടിയന്തര പ്രവർത്തനങ്ങൾ നടന്നു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ വീടുകളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. കില്ലാർണി സ്പോർട്സ് ആൻഡ് ലെഷർ സെന്റർ വെള്ളപ്പൊക്കത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വാരാന്ത്യം വരെ അടച്ചിടുമെന്ന് കൗൺസിൽ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments