HSE-യിലെ ദന്ത ഡോക്ടർമാരും സമരത്തിന്; ഒക്ടോബർ 14-ന് അയർലണ്ടിലെ ആരോഗ്യ മേഖല സ്തംഭിക്കും

By Rose Malayalam Desk

ഐറിഷ് ഡെന്റൽ അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി, HSE-യിൽ പ്രവർത്തിക്കുന്ന ദന്തഡോക്ടർമാർ പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് അനുകൂലമായി വോട്ട് ചെയ്തു. പൊതു ദന്താരോഗ്യ സേവനങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഘടനാപരമായ മാറ്റങ്ങൾക്കെതിരെ വോട്ടെടുപ്പിൽ പങ്കെടുത്ത 98 ശതമാനം അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. തുടർന്ന്, സമരത്തിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടീസ് അസോസിയേഷൻ HSE-ക്ക് കൈമാറി.

ആരോഗ്യ മേഖലയിൽ തങ്ങളുടെ വിഭാഗത്തെ കൂടുതൽ തഴയുന്ന രീതിയിൽ ഏകപക്ഷീയമായി മാറ്റങ്ങൾ കൊണ്ടുവന്നാൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് അംഗങ്ങളുടെ തീരുമാനം.
ഇതിനുപുറമെ, പൊതുമേഖലാ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തെ പിന്തുണയ്ക്കുന്നതിനായി 95 ശതമാനം അംഗങ്ങളും വോട്ട് ചെയ്തു. മുൻപത്തെ ശമ്പള കരാർ ജൂൺ 30-ന് അവസാനിച്ച സാഹചര്യത്തിൽ പുതിയ കരാറിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നടക്കുകയാണ്. ജീവിതച്ചെലവ് വർദ്ധിക്കുന്നതിന് ആനുപാതികമായി അർഹമായ ശമ്പള വർദ്ധനവ് ഉറപ്പാക്കണമെന്നാണ് ദന്തഡോക്ടർമാരുടെ ആവശ്യം.

ഒക്ടോബർ 14 ബുധനാഴ്ച മറ്റ് പൊതുജനാരോഗ്യ ജീവനക്കാർക്കൊപ്പം HSE ദന്തഡോക്ടർമാരും ജോലി നിർത്തിവെച്ചുള്ള സമരത്തിൽ പങ്കുചേരും. 30 ആശുപത്രികളിലെ 11,000-ലധികം Siptu യൂണിയൻ അംഗങ്ങളും, സമരത്തിന് അനുകൂലമായി വോട്ട് ചെയ്ത ഐറിഷ് മെഡിക്കൽ ഓർഗനൈസേഷൻ (IMO) പ്രവർത്തകരും അന്ന് പണിമുടക്കിൽ അണിനിരക്കും. ഇതോടെ ആരോഗ്യ മേഖലയിലാകെ അന്ന് വൻതോതിലുള്ള പണിമുടക്കായിരിക്കും അരങ്ങേറുക.

തങ്ങളുടെ മേഖലയെ സംബന്ധിച്ച് ഈ വോട്ടെടുപ്പ് വളരെ നിർണായകമായ ഒരു ഘട്ടമാണെന്ന് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഫിന്റൻ ഹൗറിഹാൻ വ്യക്തമാക്കി. മുൻപ് 2004-ലും 2011-ലും എച്ച്എസ്ഇയിൽ വരുത്തിയ മാറ്റങ്ങൾ പൊതു ദന്തചികിത്സാ മേഖലയെ വിഭവങ്ങളുടെയും ജീവനക്കാരുടെയും ക്ഷാമത്തിലേക്ക് തള്ളിവിട്ടുവെന്നും, ഇതിലൂടെ ഉണ്ടായ കടുത്ത നിരാശയാണ് ഈ സമരതീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മതിയായ ജീവനക്കാരില്ലാത്തതിനാൽ കഴിഞ്ഞ വർഷം ഒരു ലക്ഷത്തിലധികം പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദന്തപരിശോധന മുടങ്ങിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments